Asianet News MalayalamAsianet News Malayalam

കൊറോണ ബാധിത മേഖലകളില്‍ നിന്നും വന്നവരുടെ വീട്ടുകാര്‍ക്ക് സ്കൂളുകളില്‍ നിയന്ത്രണം

 പുതിയ കേസില്ലെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

new guide line from Health department for corona defense
Author
Thrissur, First Published Feb 6, 2020, 4:55 PM IST

തിരുവനന്തപുരം: കൊറണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദേശമാണ് ആരോഗ്യവകുപ്പ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. കൊറോണ ബാധ സ്ഥിരീകരിച്ച ചൈനയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ തങ്ങുന്ന വീടുകളിലുള്ള കുട്ടികളോ അധ്യാപകരോ നിരീക്ഷണകാലം കഴിയും വരെ സ്കൂളിലേക്ക് പോകരുതെന്ന് പുതിയ മാര്‍ഗനിര്‍ദേശത്തില്‍ ആവശ്യപ്പെടുന്നു. 

സംസ്ഥാനത്ത് അതീവ കൊറോണ ജാഗ്രത ഇപ്പോഴും തുടരുകയാണ്. മത-സാമുദായിക നേതാക്കളുടെ യോഗം വിളിക്കാന്‍ കലക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിനോദയാത്രകളും പഠനയാത്രകളും നിർത്തിവെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതാണ് ആശ്വാസകരം. 

ആലപ്പുഴയിലും തൃശൂരിലും കാഞ്ഞങ്ങാടും ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗമതിയുണ്ട്. പുതിയ കേസില്ലെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് തീരുമാനം. കൂടുതൽ പ്രചാരണം ശക്തമാക്കാനാണ് മത-സാമുദായിക നേതാക്കളുടെ യോഗം വിളിക്കാൻ ജില്ലാ കലക്ടർമാരോട് ആവശ്യപ്പെട്ടത്. ചൈനയിലെ ചില സർവ്വകലാശാലകൾ വിദ്യാർത്ഥികളെ തിരിച്ചുവിളിക്കുന്നുവെന്ന വിവരത്തിൻറെ അടിസ്ഥാനത്തിൽ കേന്ദ്രത്തിന്‍റെ ഇടപെടല്‍ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. 

പ്രതിരോധ പ്രവർത്തനത്തിൻറെ ഭാഗമായാണ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വിനോദയാത്രകളും പഠനയാത്രകളും താൽക്കാലികമായി നിർത്തിവെക്കുന്നത്. സംസ്ഥാനത്ത് 2528 പേർ ഇപ്പോഴും നിരീക്ഷണത്തിലാണ്. കൊറോണ പശ്ചാത്തലത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള ബ്രെത്ത് അനലൈസർ പരിശോധന താൽക്കാലികമായി പൊലീസ് നിർത്തിവെച്ചു. സര്‍ക്കാരിന്‍റെ ആവര്‍ത്തിച്ചുള്ള നിര്‍ദേശം അവഗണിച്ചും കൊറോണയെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച രണ്ട് പേരെ നൂറനാട് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios