തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പുതിയ ഹോട്ട്‍സ്‍പോട്ടുകള്‍ കൂടി. ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, ഇരട്ടയാര്‍, കോട്ടയം ജില്ലയിലെ അയ്‍മനം, വെള്ളൂര്‍,അയര്‍ക്കുന്നം, തലയോലപ്പറമ്പ് പഞ്ചായത്തുകളാണ് പട്ടികയിലുള്ളത്. 

രോഗികളുടെ എണ്ണം വര്‍ധിക്കുന്ന കോട്ടയം, ഇടുക്കി ജില്ലകളെ റെഡ് സോണ്‍ പട്ടികയിലും ഉള്‍പ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് ആറ് ജില്ലകളാണ് റെഡ് സോണിലുള്ളത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവയാണ് റെഡ് സോണിലുള്ള മറ്റ് ജില്ലകള്‍. അതേസമയം തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂര്‍, വയനാട് ജില്ലകളില്‍ നിലവില്‍ ഒരു കൊവിഡ് രോഗികളും ചികിത്സയിലില്ല. 

കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ച കോട്ടയത്ത് സാമ്പിള്‍ പരിശോധന ഊര്‍ജ്ജിതമാക്കും. ആരോഗ്യ വകുപ്പ് നിര്‍ണയിച്ചിട്ടുള്ള പ്രോട്ടോക്കോള്‍ പ്രകാരം പ്രതിദിനം ഇരുന്നൂറ് സാമ്പിളുകള്‍ വരെ ശേഖരിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി.   

രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പുറമെ ഗര്‍ഭിണികള്‍, വയോജനങ്ങള്‍, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരെയും പരിശോധനയ്ക്ക് വിധേയരാക്കും. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കോട്ടയം, ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രികളിലും സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്.