വിള ഇൻഷുറൻസിലെ സാങ്കേതിക തടസങ്ങളും നഷ്ടപരിഹാരം നൽകുന്നതിലെ അശാസ്ത്രീയതയും നെൽകർഷകരെ ദുരിതത്തിലാക്കിയിരുന്നു

ആലപ്പുഴ: വിള ഇൻഷുറൻസും (Insurance) നഷ്ടപരിഹാരവും (Compensation) സംബന്ധിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ നെൽ കർഷകർക്കായി (Paddy Farmers) പുതിയ ഇൻഷുറൻസ് പദ്ധതി തുടങ്ങാൻ സർക്കാർ. ഭക്ഷ്യവകുപ്പ് മുൻകൈ എടുത്താണ് പുതിയ പദ്ധതി തുടങ്ങുന്നത്. വേനൽ മഴ നാശംവിതച്ച കുട്ടനാടൻ പാടങ്ങളിൽ നിന്ന് പരമാവധി നെല്ല് സംഭരിക്കുമെന്ന് മന്ത്രി ജി ആർ അനിൽ (G R Anil) പറഞ്ഞു.

വിള ഇൻഷുറൻസിലെ സാങ്കേതിക തടസങ്ങളും നഷ്ടപരിഹാരം നൽകുന്നതിലെ അശാസ്ത്രീയതയും നെൽകർഷകരെ ദുരിതത്തിലാക്കിയിരുന്നു. അതിന് പൂർണ്ണ പരിഹാരം എന്ന നിലയ്ക്കാണ് ഭക്ഷ്യവകുപ്പിന്‍റെ പുതിയ ഇൻഷുറൻസ് പദ്ധതി. തമിഴ് നാട്ടിൽ നിന്ന് അമിത കൂലി നൽകിയാണ് ഇപ്പോൾ കേരളത്തിലേക്ക് കൊയ്ത്ത് യന്ത്രങ്ങൾ എത്തിക്കുന്നത്. തദ്ദേശീയമായി യന്ത്രങ്ങൾ വികസിപ്പിക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങും. മടവീഴ്ച തടയാൻ ശക്തമായ പുറംബണ്ട് നിർമ്മാണം അടക്കം വൈകാതെ തുടങ്ങുമെന്ന് കുട്ടനാട്ടിലെത്തിയ ഭക്ഷ്യമന്ത്രി പറഞ്ഞു.