Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് പുതിയ ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ; ഇനി മുതൽ ടിപിആർ അല്ല ഡബ്ല്യുഐപിആർ

കടകൾ, മാർക്കറ്റുകൾ, ബാങ്കുകൾ,ധനകാര്യസ്ഥാപനങ്ങൾ, ഫാക്ടറികൾ, മറ്റു വ്യവസായ യൂണിറ്റുകൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവയെല്ലാം തിങ്കൾ മുതൽ ശനി വരെ തുറക്കാം. 

new lockdown guidelines to come into effect in Kerala from Thursday
Author
Trivandrum, First Published Aug 4, 2021, 2:53 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങൾ നാളെ മുതൽ നടപ്പാകും. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. ടിപിആറിന് പകരം ഇനി മുതൽ പ്രതിവാര രോഗബാധ നിരക്ക് ( Weekly infection population ratio) അടിസ്ഥാനമാക്കിയാക്കും നിയന്ത്രണങ്ങൾ.

പുതിയ ഉത്തരവനുസരിച്ച് കടകൾ, മാർക്കറ്റുകൾ, ബാങ്കുകൾ,ധനകാര്യസ്ഥാപനങ്ങൾ, ഫാക്ടറികൾ, മറ്റു വ്യവസായ യൂണിറ്റുകൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവയെല്ലാം തിങ്കൾ മുതൽ ശനി വരെ തുറക്കാം. എല്ലാ കടകളിലും ടൂറിസം കേന്ദ്രങ്ങളിലും വാക്സിൻ എടുത്ത ജീവനക്കാരുടെ എണ്ണവും ഒരേസമയം പ്രവേശിക്കാവുന്നവരുടെ എണ്ണവും പരസ്യപ്പെടുത്തണം. എല്ലാ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളും തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കും. എല്ലാ സ്ഥാപനങ്ങളിലും കൊവിഡ് പ്രോട്ടോക്കോളും സാമൂഹിക അകലവും ഉറപ്പാക്കേണ്ട ബാധ്യത സ്ഥാപന ഉടമയ്ക്ക് ആയിരിക്കും. 

ഓരോ ആഴ്ചയിലും പഞ്ചായത്തുകളിലെയും നഗരസഭാ-മുൻസിപ്പൽ വാർഡുകളിലെയും കൊവിഡ് രോഗികളുടെ എണ്ണം എടുത്ത് പരിശോധിച്ച് ആയിരത്തിൽ എത്ര പേർക്ക് രോഗമുണ്ടെന്ന കണക്കെടുക്കും. ആയിരം പേരിൽ പത്തിലേറെ പേർ പോസിറ്റീവ് ആയാൽ അവിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. എല്ലാ ബുധനാഴ്ചയും ഈ ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ ജില്ല തല സമിതി പ്രസിദ്ധീകരിക്കും.

ഒരു ഡോസ് വാക്സിൻ എടുത്ത് 14 ദിവസം പിന്നിട്ടവർ, കൊവിഡ് പൊസീറ്റിവായി ഒരു മാസം കഴിഞ്ഞവർ, 72 മണിക്കൂറിനകം ആർടിപിസിആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവായവർ എന്നിവർക്ക് മാത്രമേ വ്യാപാരശാലകളിലും മാർക്കറ്റുകളിലും ടൂറിസം കേന്ദ്രങ്ങളിലും പ്രവേശനമുണ്ടാവൂ. എല്ലാ സ്ഥാപനങ്ങളും കടകളിലെ ജീവനക്കാരുടെ വാക്സിനേഷൻ വിവരങ്ങൾ പ്രദർശിപ്പിക്കണം. 

അവശ്യവസ്തുകൾ വാങ്ങൽ, വാക്സിനേഷൻ, കൊവിഡ് പരിശോധന, അടിയന്തര മെഡിക്കൽ ആവശ്യങ്ങൾ, മരുന്നുകൾ വാങ്ങാൻ, ബന്ധുക്കളുടെ മരണം, അടുത്ത ബന്ധുക്കളുടെ കല്ല്യാണം, ദീർഘദൂരയാത്രകൾ, പരീക്ഷകൾ എന്നീ ആവശ്യങ്ങൾക്ക് വേണ്ടി ആളുകൾക്ക് പുറത്തു പോകാം. 

ആൾക്കൂട്ടവും തിരക്കും ഒഴിവാക്കാൻ രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാമെന്നാണ് ഉത്തരവ്. രാത്രി 9.30 വരെ ഹോട്ടലുകളിലും റെസ്റ്റോറൻ്റുകളിലും ഓൺലൈൻ ഡെലിവറിയും അനുവദനീയമാണ്. 

ആഗസ്റ്റ് എട്ട് ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണായിരിക്കും. എന്നാൽ ആഗസ്റ്റ് 15-ന് ലോക്ക്ഡൗൺ ബാധകമല്ല. ഒരു ഡോസ് വാക്സിൻ എടുത്ത് 14 ദിവസം പിന്നിട്ടവർ, കൊവിഡ് പൊസീറ്റിവായി ഒരു മാസം കഴിഞ്ഞവർ, 72 മണിക്കൂറിനകം ആർടിപിസിആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവായവർ എന്നിവർക്കൊപ്പം കുട്ടികൾക്ക് പുറത്തു പോകാം.

സ്കൂളുകൾ, കോളേജുകൾ, ട്യൂഷൻ സെൻ്റുകൾ, സിനിമാ തീയേറ്ററുകൾ എന്നിവ തുറക്കാൻ അനുമതിയില്ല. ഓൺലൈൻ വിൽപ്പനയ്ക്കായി  മാത്രം മാളുകൾ തുറക്കാം. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതിയില്ല. എന്നാൽ  ഓപ്പൺ ഏരിയയിലും കാറുകളിലും പാർക്കിംഗ് ലോട്ടുകളിലും ആറടി അകലം പാലിച്ച് ആളുകൾക്ക് ഭക്ഷണം വിളമ്പാം. 

ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവ എല്ലാ ദിവസവും തുറക്കാം. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി ഇവിടെ പാലിക്കണം. ബയോ ബബിൾ മോഡൽ നടപ്പാക്കണം.

എല്ലാ വിധ സാമൂഹിക - സാംസ്കാരിക കൂട്ടായ്മകളും നിരോധിച്ചിരിക്കുന്നു. എന്നാൽ വിവാഹം, മരണം എന്നിവയ്ക്ക് ഇരുപത് പേരെ അനുവദിക്കും. ആരാധനാലയങ്ങളിൽ പരമാവധി നാൽപ്പത് പേരെ വരെ അനുവദിക്കും. എന്നാൽ വലിപ്പം കുറഞ്ഞ ആരാധാനലയങ്ങളിൽ ഇത്രയും പേർക്ക് പ്രവേശനമുണ്ടാവില്ല. ഒരാൾക്ക് 25 ചതുരശ്രഅടി സ്ഥലമെങ്കിലും ഉറപ്പാക്കണം.

Follow Us:
Download App:
  • android
  • ios