ദില്ലി: ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരാനൊരുങ്ങി സംസ്ഥാനസർക്കാർ. സുപ്രീംകോടതിയിലാണ് സംസ്ഥാനസർക്കാർ ഈ നിലപാട് അറിയിച്ചത്. ഭരണകാര്യങ്ങളിലുൾപ്പടെ കൃത്യമായ ചട്ടങ്ങളുമായി നിയമനിർമാണം നടത്തുമെന്നാണ് സംസ്ഥാനസർക്കാർ രേഖാമൂലം സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. 

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രത്യേക നിയമനിർമാണം നടത്തുമെന്ന് സംസ്ഥാന ബിജെപി നേതൃത്വം പറഞ്ഞിരുന്നു. എന്നാൽ ഇതിൻമേൽ തുടർ നടപടികളൊന്നുമുണ്ടായില്ല. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ അത്തരം നിയമവഴികളിലൂടെ നീങ്ങില്ലെന്നാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദടക്കം വ്യക്തമാക്കിയത്. 

എന്നാലിപ്പോൾ ശബരിമലയുടെ ഭരണപരമായ കാര്യങ്ങളിൽ കൃത്യമായ ചട്ടക്കൂടുണ്ടാക്കാൻ നിയമം കൊണ്ടുവരുമെന്നാണ് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചിരിക്കുന്നത്. നിലവിൽ തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലാണ് ശബരിമല ക്ഷേത്രം. ദേവസ്വംബോർഡ് ചട്ടങ്ങളിലാണ് ശബരിമല ക്ഷേത്രത്തിന്‍റെ ഭരണകാര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ മാർഗരേഖയുള്ളത്. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയേറ്റതിനെത്തുടർന്ന് ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് മുൻകൈയെടുക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാനസമിതിയിൽ ധാരണയായിരുന്നു. വിശ്വാസികൾക്കൊപ്പം കൂടിയാണ് പാർട്ടി നിൽക്കുന്നതെന്നാണ് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയത്. ശബരിമലയില്‍ യുവതികളെ കയറ്റുക എന്നതല്ല സിപിഎം നിലപാട്. എന്നാല്‍ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ പാര്‍ട്ടി ഇപ്പോഴും അംഗീകരിക്കുന്നു. പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരും അവരവരുടെ വിശ്വാസങ്ങള്‍ കൊണ്ടു നടക്കുന്നതിന് പാര്‍ട്ടി എതിരല്ല. വര്‍ഗ്ഗീയ ശക്തികളെ മാറ്റി നിര്‍ത്താന്‍ ക്ഷേത്രക്കമ്മിറ്റികളിലും പള്ളി മഹല്ലുകളിലും പ്രവര്‍ത്തകര്‍ സജീവമായി ഇടപെടണം എന്നു തന്നെയാണ് പാര്‍ട്ടിയുടെ നിലപാട്. അതേസമയം പാര്‍ട്ടി നിലപാടുകള്‍ക്കും ആശയങ്ങള്‍ക്കും വിധേയരായി നിന്നു വേണം അവര്‍ പ്രവര്‍ത്തിക്കാനെന്നും കോടിയേരി പറഞ്ഞു.  

എന്നാൽ ശബരിമലയിൽ സർക്കാ‍ർ നിലപാടിൽ മാറ്റമുണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചത്. സിപിഎം എന്നും വിശ്വാസികൾക്ക് ഒപ്പം തന്നെയായിരുന്നു. സർക്കാർ നിലപാട് ആദ്യം മുതലേ വ്യക്തമാണ്. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. സുപ്രീംകോടതി വിധി മാറ്റിയാൽ സർക്കാരും മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമലയിൽ വിശ്വാസികൾക്കായി നിയമം കൊണ്ടുവരുമെന്ന് പറഞ്ഞവർ വഞ്ചിക്കുകയല്ലേ ചെയ്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.

സിപിഎം സംസ്ഥാനസമിതി 'സ്വയം തെറ്റുതിരുത്തുക'യല്ല ചെയ്തത്. ശബരിമല വിവാദവിഷയമായ കാലത്ത് വിശ്വാസികളുടെ അവകാശികളെന്ന് പറയുന്നവർ സർക്കാരിനും പാർട്ടിക്കുമെതിരെ പ്രചാരണം നടത്തി. ആ പ്രചാരണത്തെ നേരിടുന്നതിൽ കൃത്യമായ ജാഗ്രതയുണ്ടായില്ല. അതാണ് പാർട്ടിയിലുണ്ടായ സ്വയം വിമർശം - മുഖ്യമന്ത്രി പറഞ്ഞു.  

മണ്ഡലകാലം തുടങ്ങാനിരിക്കുന്നതിനാൽ അതിന് വേണ്ട സുരക്ഷാ നടത്തിപ്പ് വിലയിരുത്തൽ സംസ്ഥാനപൊലീസ് ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മൂന്ന് മേഖലകളായി തിരിച്ച് സുരക്ഷ ഒരുക്കാനാണ് പൊലീസിന്‍റെ തീരുമാനം. ഇതിനിടെയാണ് ഭരണകാര്യങ്ങൾ സംബന്ധിച്ച് പുതിയ നിയമം കൊണ്ടുവരുന്ന കാര്യം സംസ്ഥാനസർക്കാർ തന്നെ കോടതിയെ അറിയിക്കുന്നത്.