കഴിഞ്ഞയാഴ്ച ഫേസ്ബുക്കിൽ കളക്ടർ ബ്രോയുടെ ആരാധകർ ഇത്തിരി സങ്കടത്തിലായിരുന്നു. ആകെ മൊത്തം കോറസ് ''അയ്യോ ബ്രോയേ പോവല്ലേ'' എന്ന് മാത്രം. സുമുഹൂർത്തമായ് ... എന്ന് പറഞ്ഞ് ബ്രോ അങ്ങ് ഇറങ്ങിപ്പോയി. ആകെ വിരക്തിയായിരുന്നെന്നാണ് പറയുന്നത്.

ബ്രോയ്ക്ക് ഇത് ആദ്യമായിട്ടല്ല ഫേസ്ബുക്കിനോട് വിരക്തി തോന്നുന്നത്. 

''ഒന്നുരണ്ട്‌ തവണ ഈയുള്ളവൻ ഫേസ്‌‍ബുക്കിലെ ഇഹലോകവാസം വിട്ട്‌ ‌ സന്ന്യാസിയാവാൻ ഒരുമ്പെട്ടിറങ്ങിയതാണെന്ന് അറിയാമല്ലോ. അന്ന്,‌ രാത്രിയുടെ ഏഴാം യാമത്തിൽ നീലച്ചടയൻ പോലൊരു നീല ടിക്ക്‌ തന്നെന്‍റെ മനസ്സ്‌ മയക്കി സുക്കർ ഭായ്. ചോദിക്കാതെ ടിക്ക്‌ തന്ന ഭായ്‌ എന്നെ വല്ലാതങ്ങ്‌ തോൽപ്പിച്ച്‌ കളഞ്ഞു. എന്നാൽ ഏറെ നാൾ കഴിയും മുൻപേ, ഫേസ്‌ ബുക്കിലെ ലൗകിക ജീവിതത്തിൽ വീണ്ടും വിരക്തി തോന്നി ഞാനിറങ്ങി. പടിപ്പുര കടന്ന് തിരിഞ്ഞ്‌ നോക്കിയപ്പോൾ പ്രളയം. പ്രകൃതി അന്നെന്നെ തോൽപ്പിച്ചു. പിന്നെയും കുറേ നാളങ്ങനെ ഫേസ്ബുക്കാകുന്ന ലോകത്ത്‌ ജീവിച്ചെന്ന് വരുത്തിത്തീർത്തു. ആർക്കോ വേണ്ടിയെന്ന പോലെ. ഒരു കൊല്ലത്തിലേറെയായി, പാട്ടുകളും അല്ലറ ചില്ലറ കമന്‍റുകളുമായി സമയം തള്ളി നീക്കി''. 

അതിനി വേണ്ടെന്ന് ബ്രോയ്ക്ക് തോന്നി. ''പരിചയമുള്ള പിച്ചക്കാരുപോലുമില്ലാതിരുന്ന കാലത്ത് നിന്ന് പീയെമ്മും സീയെമ്മും ഡീയെമ്മും എഫ്ബിയിലായ കാലം'' വരെ ഓർത്ത്, ഒരു നെടുവീർപ്പിട്ടു ബ്രോ. എന്നിട്ട് ലോകം നന്നായോ? ഹില്ല. ''വിഷം ചീറ്റുന്ന കോബ്രകളും മുദ്രകുത്താൻ മാത്രം അറിയാവുന്ന സംഘി-കൊങ്ങി-കമ്മി-സുഡാപ്പി-മഞ്ച്‌ മാക്രിലോകമാ''യെന്ന് ബ്രോ. 

എന്തിനിങ്ങനെ ഇവിടെ നിൽക്കണമെന്ന് ബ്രോ ചോദിച്ചു. ''ടോണിയുടെ ദോശ കാണാനോ? അതോ ബൈജുസ്വാമിയുടെ മുഖത്ത് വരച്ചിടുന്ന കാക്കക്കാഷ്ഠം പോലത്തെ ഡിസൈൻ കാണാനോ? ടൊവിനോയും പെണ്മണികളും കവർ പേജിലുള്ള വനിതയുള്ളപ്പോൾ ദുരന്തേട്ടന്‍റെ എഴുത്തുകുത്തെഴുത്തുകൾ വായിക്കാനോ? നോ!''. അടച്ച് പറഞ്ഞു ബ്രോ. 

അതോണ്ട്, വേറെവിടെയെങ്കിലും പുനർജനിച്ചേയ്ക്കാമെന്ന വലിയ ഉറപ്പൊന്നുമില്ലാത്തൊരു ഉറപ്പും തന്ന് ബ്രോ ഫേസ്ബുക്കിൽ നിന്ന് അങ്ങ് പോയി. എഫ്ബിയിലെ ഞാൻ ഞാനല്ല - എന്ന് ബ്രോ പറഞ്ഞപ്പോൾ, സലിംകുമാറിന്‍റെ പ്രശസ്തമായ ആ ഡയലോഗ് ഓർമ വന്നവർ വല്ലവരും കാണുവോ എന്തോ?!

ഫേസ്ബുക്ക് നിർത്തി, യൂട്യൂബ് തുടങ്ങി!

വെറുതെ അങ്ങനെ പ്രശാന്ത് ബ്രോയ്ക്ക് പോകാൻ പറ്റുവോ? ഇല്ലാാ. ബ്രോ തിരിച്ചുവന്നിരിക്കുകയാണ് സുഹൃത്തുക്കളേ.. ഇത്തവണ എഴുത്തുകുത്തുകളില്ല, ശബ്ദം മാത്രം. റേഡിയോ പോലൊരു വർത്തമാനം. എന്നാൽ രസമുള്ള ചോദ്യങ്ങൾ ചോദിച്ചാൽ ബ്രോ മറുപടി പറയില്ലേ? പറയും. ചോദിച്ചയാളുടെ പേരടക്കം എടുത്ത് പറഞ്ഞ് പറയും.

''ഞാൻ ഒഴിഞ്ഞുപോയിയെന്ന് വിചാരിച്ച് സന്തോഷിച്ച് സമാധാനിച്ച് ഇരിക്കുന്ന എല്ലാവർക്കും നമസ്കാരം'', എന്ന് ഒരു കോഴി കൂവുന്ന ശബ്ദത്തിൽ നമ്മൾ കേൾക്കും. (പി.എസ്: അത് ദുരന്തേട്ടനെ ഉദ്ദേശിച്ചല്ല!). പോഡ്‍കാസ്റ്റ് മാതൃകയിലിനി ''Prasanth N'' എന്ന ചാനലിലൂടെ ഇനി ''പ്രശാന്ത് ബ്രോ വാണി'' കേൾക്കാം. തീർത്തും സ്വകാര്യമായ, സൗഹൃദപരമായ വ്യക്തിപരമായ സംഭാഷണം മാത്രമാണിതെന്ന് പ്രശാന്ത് ബ്രോ. ''നത്തിംഗ് ഒഫീഷ്യൽ എബൗട്ടിറ്റ്''. 

ചോദിക്കാനുള്ളതും പറയാനുള്ളതുമൊക്കെ, ഈ വീഡിയോയുടെ താഴെ എഴുതിയാൽ, ബ്രോ മറുപടി പറയും. വെറുതെയല്ല, പ്രൊമോഷനുമായി സുഹൃത്തുക്കളും കളക്ടർ ബ്രോയുടെ കൂടെയുണ്ട്. പ്രധാനമായും മുരളീ തുമ്മാരുകുടി. 

അദ്ദേഹത്തിന്‍റെ പോസ്റ്റിതാ താഴെ. പ്രശാന്ത് ബ്രോയുടെ യൂട്യൂബ് ലിങ്കും.