തിരുവനന്തപുരം: കാറിൽ എത്തിയ അജ്ഞാത സംഘം പത്ര ഏജന്റിന്റെ കൈയും കാലും അടിച്ചൊടിച്ചു. ഇന്ന്‌ രാവിലെ പൂവച്ചൽ ജംഗ്ഷന് സമീപം മോഹൻ ക്ലിനിക്കിന്‌ മുന്നിൽ വച്ചായിരുന്നു ആക്രമണം. പ്രദേശത്തെ പത്ര ഏജന്റ് ബിനുവിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.

ബിനുവിനെ മർദ്ദിക്കുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ അക്രമിസംഘം രക്ഷപ്പെട്ടു. നാട്ടുകാർ ബിനുവിനെ ഉടൻ തന്നെ മോഹൻ ക്ലിനിക്കിൽ എത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ബിനുവിനെ മാറ്റി. 

രാവിലെ ആറേകാൽ മണിയോടെ പത്രക്കെട്ട് എടുത്തു വാഹനത്തിൽ വച്ചു ക്രമീകരിക്കുന്നതിനിടെ ആണ് സംഭവം. മാരുതി കാറിൽ എത്തിയ നാലോളം പേരുടെ സംഘം ബിനുവിനെ ആക്രമിക്കുകയായിരുന്നു. ആശുപത്രിക്ക് മുന്നിൽ നിൽക്കുമ്പോഴായിരുന്നു ആക്രമണം. 

ബിനുവിന്റെ ഓട്ടോറിക്ഷ അടിച്ചു തകർത്തു. ഇതു കണ്ട്  ഓടിയ ബിനുവിനെ കാറിലും അല്ലാതെയും പിന്തുടർന്ന സംഘം മാരകായുധങ്ങളുമായി തലങ്ങും വിലങ്ങും ആക്രമിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നു.