തിരുവനന്തപുരം: രാജൻ-അമ്പിളി ദമ്പതികള്‍ ആത്മഹത്യ ചെയ്യാനിടയാക്കിയ വിവാദമായ ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ വീണ്ടും വഴിത്തിരിവ്. വിവാദമായ മൂന്നു സെൻറ് ഭൂമി അയൽവാസി വസന്ത വില കൊടുത്ത് വാങ്ങിയെന്നായിരുന്നു നെയ്യാറ്റിൻകര തഹസിൽദാറുടെ ആദ്യ അന്വേഷണ റിപ്പോർട്ട്. എന്നാൽ ലക്ഷം വീട് പദ്ധതിക്കായി അനുവദിച്ച ഭൂമി വസന്ത വാങ്ങിയതിൽ പ്രത്യേക അന്വേഷണം വേണമെന്ന് ലാൻറ് റവന്യൂ കമ്മീഷണർ നിർദ്ദേശിച്ചിരുന്നു.

ഇതേ തുടർന്ന് കലക്ടർ നിയോഗിച്ച ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് വിശദമായ അന്വേഷണം നടത്തിയത്. ലക്ഷംവീട് പദ്ധതിക്കായി അതിയന്നൂർ പഞ്ചായത്ത് വാങ്ങിയ ഭൂമിയിൽ മൂന്ന് സെൻറ് സുകുമാരൻ നായർ എന്ന വ്യക്തിക്ക് ആദ്യം പട്ടയം അനുവദിച്ചു. 1989ലാണ് പട്ടയം അനുവദിക്കുന്നത്. ലക്ഷം വീടിന് അനുവദിച്ച പട്ടയഭൂമി കൈമാറ്റം ചെയ്യാൻ പാടില്ലെന്ന് 1997ൽ സർക്കാർ ഉത്തരവുണ്ട്. ഭൂമിക്ക് അവകാശികളില്ലെങ്കിൽ സർക്കാർ ഭൂമി ഏറ്റെടുക്കുമെന്നായിരുന്നു വ്യവസ്ഥ. ഈ ഉത്തരവ് നിലനിൽക്കുന്നതിനിടെ സുകുമാരൻ നായർ മരിച്ച് ഒരു മാസത്തിനുള്ളിൽ സുകുമാരൻനായരുടെ അമ്മ വനജാക്ഷി 2001ൽ ഈ ഭൂമി സുഗന്ധിക്ക് വിറ്റു.

സുകുമാരൻനായരുടെ ഭാര്യയും മകളും ജീവിച്ചിരിക്കെയാണ് അമ്മ ഭൂമി വിൽക്കുന്നത്. 2006ലാണ് സുഗന്ധിയിൽ നിന്നും ഈ ഭൂമി വസന്ത വാങ്ങുന്നത്. അപ്പോഴും വിൽപ്പന പാടില്ലെന്ന് സർക്കാ‍‍ർ ഉത്തരവ് നിലനിൽക്കുന്നു. ഇതുകൂടാതെ വസന്ത അതിയന്നൂർ വില്ലേജ് ഓഫീസിൽ കരംതീർത്തതിലും അന്വേഷണ സംഘം ദുരൂഹത ആരോപിക്കുന്നു. പട്ടയം ലഭിച്ച സുകുമാരൻനായരുടെ ഭാര്യ ഉഷ കോടതിയിൽ കൊടുത്ത കേസ് ഒത്തുതീർപ്പാക്കിയതിന്റെ ഭാഗമായി വസന്തക്ക് പോക്കുവരവ് നൽകിയെന്നാണ് അതിയന്നൂർ വില്ലേജിലെ രേഖകളിലുള്ളത്.

എന്നാൽ കേസ് നൽകിയിട്ടില്ലെന്നാണ് റവന്യൂ അന്വേഷണ സംഘത്തിന് ഉഷ ഇപ്പോൾ നൽകിയ മൊഴി. ഇതു സംബന്ധിച്ച് വിശദമായ പൊലീസ് അന്വേഷണവും കളക്ടർ ശുപാർശ ചെയ്യുന്നു. വസ്തുവിൽപ്പനയുടെ നിയമസാധുത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിൽ ലാൻറ് റവന്യൂകമ്മീഷണർ തുടർ നടപടി സ്വീക്കരിക്കണമെന്നാണ് കളക്ടർ റിപ്പോർട്ടിൽ. പറയുന്നു.