ദേശീയപാത തകർന്നതിൽ പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെടുന്നത് പദ്ധതി വൈകിപ്പിക്കാനാണെന്ന് ഇടതുപക്ഷം

തിരുവനന്തപുരം: ദേശീയപാത തകർന്നതിൽ അന്വേഷണം ആവശ്യപ്പെടുന്ന പ്രതിപക്ഷത്തിനെ കടന്നാക്രമിച്ച് സിപിഎം പിബി അംഗം എ വിജയരാഘവൻ. കെസി വേണുഗോപാലിനെ ലക്ഷ്യമിട്ട് പദ്ധതിയിൽ വിമർശനവുമായി ദില്ലിയിലെ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധി പ്രൊഫ കെവി തോമസും രംഗത്തെത്തി. മലപ്പുറം ചന്തക്കുന്നിൽ തെരഞ്ഞെടുപ്പ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സിപിഎം പിബി അംഗമായ എ വിജയരാഘവൻ. ദില്ലിയിൽ പുറത്തുവിട്ട പത്ര പ്രസ്താവനയിലാണ് കെവി തോമസിൻ്റെ വിമർശനം.

എ വിജയരാഘവൻ്റെ വിമർശനം

കോൺഗ്രസുകാരുടെ കെട്ടിപ്പിടിത്തം കരടി പിടിക്കും പോലെയാണെന്ന് വിജയരാഘവൻ കുറ്റപ്പെടുത്തി. എല്ലാം സ്നേഹമാണെന്ന് കരുതും പക്ഷേ തട്ടിപ്പാണ്. നല്ല റോഡ് ഉണ്ടായാൽ ഗുണം പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. രാവിലെ 8 മണിക്ക് എറണാകുളത്ത് നിന്ന് പുറപ്പെട്ടാൽ രണ്ട് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്താനാവും. സതീശൻ എട്ടുമണിവരെ ഉറങ്ങിക്കോട്ടെ. പോകുന്ന പോക്കിൽ ചെന്നിത്തലയെയും കൂട്ടാം. ചെന്നിത്തലയ്ക്ക് സതീശനെക്കാൾ അരമണിക്കൂർ കൂടുതൽ ഉറങ്ങാനാവും. എന്നാൽ ഈ ദേശീയ പാത തകർന്നതിൽ പ്രതിപക്ഷം ഇപ്പോൾ സന്തോഷിക്കുകയാണ്. അന്വേഷണം ആവശ്യപ്പെട്ടത് പദ്ധതി കോടതി കയറ്റി നിർമ്മാണം വൈകിപ്പിക്കാനാണ്. ഇതാണ് സതീശൻ്റെ സൂത്ര വിദ്യ. പദ്ധതി വൈകണം എന്നതാണ് പ്രതിപക്ഷത്തിൻ്റെ ചിന്തയെന്നും അദ്ദേഹം പറ‌ഞ്ഞു.

പ്രൊഫ കെവി തോമസിൻ്റെ പ്രസ്താവന

ദേശീയപാതയുടെ വികസനത്തിന് പാർലമെൻ്റിൻ്റെ പബ്ലിക് അക്കൌണ്ട്സ് കമ്മറ്റി ഉടക്ക് വെയ്ക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസ്. ദേശീയപാതയുടെ നിർമ്മാണവും അതിലെ പിഴവുകൾ തിരുത്തലും നടത്തേണ്ട ചുമതല എൻഎച്ച്എഐയ്ക്കാണ്. ഈ യാഥാർത്ഥ്യമാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി വെളിപ്പെടുത്തിയത്. കേരള മുഖ്യമന്ത്രി ഡൽഹിയിൽ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ കണ്ടപ്പോൾ എടുത്ത നിലപാട് ദേശീയപാത പൂർത്തീകരിച്ച് 2025 അവസാനത്തോടെ ജനങ്ങൾക്ക് സമർപ്പിക്കണം എന്ന് തന്നെയാണ്. പിഎസി ചെയർമാന് മാത്രമായി പ്രത്യേക അധികാരമില്ല. പിഎസി ഏകകണ്ഠേന എടുക്കുന്ന തീരുമാനങ്ങൾ സ്പീക്കറുടെ അനുമതിയോടെ സമർപ്പിക്കുന്നത് പാർലമെന്റിലാണ്. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് പാർലമെന്റാണ്. സിഎജിയുടെ ഉപദേശങ്ങൾ പബ്ലിക് അക്കൌണ്ട്സ് കമ്മറ്റി പരിഗണിച്ചാണ് തീരുമാനങ്ങൾ പാർലമെന്റിൽ സമർപ്പിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിഎസി മുമ്പാകെ വിളിപ്പിക്കുമെന്ന് ചെയർമാനെന്ന നിലയിൽ ഞാൻ പ്രസ്താവനയിറക്കിയ സാഹചര്യമല്ല ഇക്കാര്യത്തിലുള്ളത്. പാർലമെന്റ് നടക്കുന്ന സമയത്ത് പാർലമെന്റിനെ മുൻകൂട്ടി അറിയിക്കാതെ നരേന്ദ്രമോദി നോട്ട് നിരോധിക്കുകയും ജിഎസ് ടി നടപ്പാക്കുകയും ചെയ്ത സാഹചര്യത്തിലാണ് അന്ന് അങ്ങിനെ പറയേണ്ടി വന്നത്. എന്നാൽ പിഎസിയുടെ ഐകകണ്ഠേനയുള്ള അനുമതിയും സ്പീക്കറുടെ അനുവാദവും ലഭിക്കാത്തതുകൊണ്ട് പ്രധാനമന്ത്രിയ്ക്ക് പകരം അന്നത്തെ റിസർവ്വ് ബാങ്ക് ഗവർണറെ വിളിച്ചു വരുത്തിയാണ് വിവര ശേഖരണം നടത്തി റിപ്പോർട്ട് പാർലമെന്റ് മുമ്പാകെ സമർപ്പിച്ചത്. പിഎസി ചെയർമാന് അതിനുള്ള അധികാരമുണ്ട്.