കൂരിയാട് ദേശീയപാത തകർച്ചയെ തുടർന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ചു. നിർമ്മാണത്തിലെ അപാകതയും മന്ത്രി മുഹമ്മദ് റിയാസിന്‍റെ ന്യായീകരണവും വിമർശനവിധേയമായി.

മലപ്പുറം: ദേശീയപാത തകര്‍ന്ന കൂരിയാട് സന്ദര്‍ശിച്ച കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ കേന്ദ്ര - സംസ്ഥാന സർക്കാരുകളെ വിമർസിച്ചു. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളുടെ അടയാളമാണ് ദേശീയപാതയുടെ തകര്‍ച്ചയെന്നാണ് സണ്ണി ജോസഫ് അഭിപ്രായപ്പെട്ടത്. ദേശീയപാത തകര്‍ച്ചയെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ന്യായീകരിക്കുന്നുവെന്നും കെ പി സി സി അധ്യക്ഷൻ വിമർശിച്ചു.

അശാസ്ത്രീയമായ നിര്‍മ്മാണമാണ് ദേശീയപാത തകര്‍ച്ചയുടെ മുഖ്യകാരണം. അലൈന്‍മെന്റ് നിശ്ചയിച്ചതില്‍ പിഴവുണ്ടായിട്ടുണ്ട്. വയല്‍ പ്രദേശമായ ഇവിടെ ഇങ്ങനെയല്ലായിരുന്നു റോഡ് നിര്‍മ്മിക്കേണ്ടിയിരുന്നത്. ഇക്കാര്യം ജനപ്രതിനിധികളും നാട്ടുകാരും ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നു. നിര്‍മ്മാണത്തിലെ അപാകത തിരിച്ചറിയാന്‍ സാങ്കേതിക വൈദഗ്ധ്യത്തിന്റെ ആവശ്യമില്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ അപാകതകളാണുള്ളത്.അതിനുത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കെ പി സി സി അധ്യക്ഷൻ ആവശ്യപ്പെട്ടു.

പ്രതിപക്ഷം ആവശ്യപ്പെടുന്നതും അതാണ്. പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ കെ സി വേണുഗോപാല്‍ എം പി അപകട സ്ഥലം സന്ദര്‍ശിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കുകയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കേരള സര്‍ക്കാര്‍ അപകടമുണ്ടായതിനെ ന്യായീകരിക്കുകയാണ്. അപാകത ചൂണ്ടിക്കാട്ടിയ കെ സി വേണുഗോപാല്‍ എം പിയെ വിമര്‍ശിക്കുകയാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ചെയ്തത്. മന്ത്രി റിയാസ് ഇന്നുവരെ അപകടസ്ഥലമായ കൂരിയാട് സന്ദര്‍ശിച്ചിട്ടില്ലെന്നും കെ പി സി സി അധ്യക്ഷൻ ചൂണ്ടികാട്ടി.

ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തെല്ലാം അവകാശവാദങ്ങളാണ് മന്ത്രി ഉന്നയിച്ചത്. അതെല്ലാം തകര്‍ന്നു വീണപ്പോള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ പറ്റില്ല. ദേശീയപാത തകര്‍ന്നതിന് പിന്നിലെ ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നത് വരെ അതിശക്തമായ നടപടികളുമായി യു ഡി എഫും കോണ്‍ഗ്രസും മുന്നോട്ട് പോകുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

അതിനിടെ ദേശീയപാതാ നിർമാണത്തിൽ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് രംഗത്തെത്തിയിരുന്നു. പാത നിർമാണത്തിലെ തെറ്റ് ചൂണ്ടിക്കാട്ടിയ വേണുഗോപാലിനെ സംസ്കാര ശൂന്യമായ ഭാഷയിൽ അപമാനിക്കാൻ റിയാസ് ശ്രമിച്ചെന്നും ഇതിന് റിയാസ് മാപ്പു പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. റിയാസ് എന്തുകൊണ്ടാണ് ദേശീയപാത തകർന്ന സ്ഥലം സന്ദർശിക്കാത്തതെന്ന് ചോദിച്ച ചെന്നിത്തല, അവകാശവാദത്തിന്റെ അത്ര വാശി ഉത്തരവാദിത്വ ബോധത്തിൽ ഇല്ലെന്നും പരിഹസിച്ചു. അതേസമയം കെ സി വേണുഗോപാലിനെ മന്ത്രി മുഹമ്മദ് റിയാസ് കാലൻ എന്ന് വിളിച്ചെന്ന് ചൂണ്ടികാട്ടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. മന്ത്രി റിയാസിന്‍റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി പ്രതിഷേധിച്ചു.