പന്തീരാങ്കാവ് യുഎപിഎ കേസിൽ നേരത്തെ അറസ്റ്റിലായ അലൻ ഷുഹൈബിനേയും താഹാ ഫസലിനേയും സിപിഐ മാവോയിസ്റ്റുമായി അടുപ്പിച്ചത് ഇന്ന് അറസ്റ്റിലായവരാണ് എന്നാണ് എൻഐഎ വ്യക്തമാക്കുന്നത്


കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിൽ ഇന്ന് അറസ്റ്റ് ചെയ്ത മൂന്ന് യുവാക്കൾക്കും സിപിഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. വൈകിട്ട് പുറത്തു വിട്ട വാർത്താക്കുറിപ്പിലൂടെയാണ് എൻഐഎ ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പറയപ്പെടുന്ന അഭിലാഷിനെ എൻഐഎ ജാമ്യത്തിൽ വിട്ടയച്ചു. 

പന്തീരാങ്കാവ് യുഎപിഎ കേസിൽ നേരത്തെ അറസ്റ്റിലായ അലൻ ഷുഹൈബിനേയും താഹാ ഫസലിനേയും സിപിഐ മാവോയിസ്റ്റുമായി അടുപ്പിച്ചത് ഇന്ന് അറസ്റ്റിലായവരാണ് എന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. കണ്ണൂർ സ്വദേശിയും ഓൺലൈൻ മാധ്യമപ്രവർത്തകനുമായ അഭിലാഷ്, സ്വകാര്യ സ്കൂൾ അധ്യാപകനായ വിജിത്ത് എന്നിവർക്കാണ് സിപിഐ മാവോയിസ്റ്റ് ബന്ധം എന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. 

എൻഐഎ കസ്റ്റഡിയിലെടുത്ത മൂന്നാമൻ വയനാട് സ്വദേശി എൽദോയെക്കുറിച്ച് എൻഐഎയുടെ വാ‍ർത്താക്കുറിപ്പിൽ പറയുന്നില്ല. ഇന്ന് രാവിലെ കോഴിക്കോട് ന​ഗരത്തിലെ വീട്ടിൽ നിന്നാണ് അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മാവൂരിലെ വാടക മുറിയിൽ നിന്നാണ് വിജിത്തിനേയും അഭിലാഷിനേയും പിടികൂടി. 

യുവാക്കളെ അറസ്റ്റ് ചെയ്തതോടൊപ്പം മലപ്പുറം പാണ്ടിക്കാട് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സിപി ജലീലിന്‍റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. അലനും താഹയ്ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുളള പോസ്റ്ററുകള്‍ ഇവിടെ നിന്നും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. 

അഭിലാഷിന്‍റെ കോഴിക്കോട്ടെ വീട്ടില്‍ പുലര്‍ച്ചെയെത്തിയ എന്‍ഐ സംഘം അഭിലാഷിന്‍റെയും ഭാര്യ ശ്വേതയുടെയും ലാപ്ടോപുകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു. പന്തീരങ്കാവ് കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണമെന്ന് വ്യക്തമാക്കിയ ശേഷമാണ് അഭിലാഷിനെ വീട്ടില്‍ നിന്ന് കൊണ്ടുപോയതെന്ന് ഭാര്യ ശ്വേത പറഞ്ഞു.

കോഴിക്കോട് പരിയങ്ങാട്ടെ സ്വകാര്യ സ്കൂളില്‍ അധ്യാപകരായി ജോലി ചെയ്യുകയായിരുന്നു വയനാട് സ്വദേശകളായ വിജിതും എല്‍ദോയും. ഇവര്‍ താമസിക്കുന്ന വീട്ടിലെത്തിയ എന്‍ഐഎ സംഘം അഞ്ച് മണിക്കൂറഖിലേറെ നേരം ചോദ്യം ചെയ്തശേഷമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. 

ഇതോടൊപ്പമാണ് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സിപി ജലീലിന്‍റെ സഹോദരന്‍ സിപിറഷീദിന്‍റെ വീട്ടിലും തറവാട്ടുവീട്ടിലും മലപ്പുറം പൊലീസ് റെയ്ഡ് നടത്തിയത്. ലോക്കൗഡണ്‍ കാലത്ത് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ ഇരു വീടുകളിലുമായി തങ്ങുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. 

അലനും താഹയ്ക്കും പിന്തുണ പ്രഖ്യാപിച്ചുളള ലഘുലേഖകളടക്കം പിടിച്ചെടുത്തായി പൊലസിന്‍റെ പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്പത് മൊബൈൽ ഫോണുകൾ, രണ്ട് ലാപ്ടോപ്പുകൾ, ഇ-റീഡർ ഹാർഡ് ഡിസ്ക്, സിംകാർഡുകൾ, മെമ്മറി കാർഡുകൾ എന്നിവ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. അതേസമയം ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചും സാമൂഹ്യ അകലം പാലിക്കാതെയുമായിരുന്നു പൊലീസ് റെയഡെന്ന് ജലിലിന്‍റെ സഹോദരന്‍ സി.പി റഷീദ് ആരോപിച്ചു.