കൊച്ചി: കൊച്ചി കപ്പൽശാലയിൽ നി‍ർമാണത്തിലിരുന്ന വിമാനവാഹിനി കപ്പലിൽ നിന്ന് ഹാർഡ് ഡിസ്ക് ഉൾപ്പെടെയുളളവ മോഷണം പോയ സംഭവത്തിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ബിഹാർ സ്വദേശി സുമിത് കുമാർ, രാജസ്ഥാൻ സ്വദേശി ദയാറാം എന്നിവരാണ് പ്രതികൾ. മോഷണം, സൈബർ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ തെളിവുകളുടെ അഭാവത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടില്ല. പ്രതികൾ മോഷ്ടിച്ച് വിൽപന നടത്തിയ മാക്രോപ്രോസസറുകൾ അടക്കമുളളവ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കണ്ടെടുത്തിരുന്നു.

കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരുന്ന വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തിലെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും മറ്റ് ഹാര്‍ഡ് വെയറുകളുമാണ് മോഷ്ടിക്കപ്പെട്ടത്. മാസങ്ങൾ നീണ്ട അന്വേഷണത്തിൽ ചാരപ്രവര്‍ത്തന സാധ്യത കണ്ടെത്തിയിട്ടില്ല. പണത്തിന് വേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് നുണപരിശോധനയിലും പ്രതികൾ ആവര്‍ത്തിച്ചത്. ഇതോടെയാണ് കേസിലെ ചാരപ്രവര്‍ത്ത സാധ്യത എന്‍ഐഎ ഏറെക്കുറെ തള്ളിയത്. 10 റാം, അഞ്ച് മൈക്രോ പ്രോസസേഴ്‌സ്, 5 സോളിഡ് സ്‌റ്റേറ്റ് ഡ്രൈവസ് എന്നിവയാണ് ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് മോഷണം പോയത്. കേസ് ആദ്യം കേരളാപൊലീസ് അന്വേഷിച്ചെങ്കിലും തുമ്പുണ്ടായില്ല. പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.