Asianet News MalayalamAsianet News Malayalam

ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റ്: മാവോയിസ്റ്റ് രേഖകൾ പിടികൂടിയെന്ന് എൻഐഎ; അസത്യമെന്ന് ഈശോ സഭ

കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ ഫാദർ സ്റ്റാൻ സ്വാമി മാവോയിസ്റ്റ് സംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ചു എന്നാണ് എൻഐഎ വ്യക്തമാക്കുന്നത്.

nia on father stan swamy arrest
Author
Delhi, First Published Oct 14, 2020, 3:38 PM IST

ദില്ലി: ഫാദർ സ്റ്റാൻ സ്വാമിയുടെ കൈയ്യിൽ നിന്ന് നക്സൽബാരിയുടെ ചരിത്രവും ഒളിവിൽ പോകാനുള്ള മാർഗ്ഗനിർദ്ദേശവും ഉൾപ്പടെയുള്ള രേഖകൾ പിടിച്ചെടുത്തതായി എൻഐഎ. അറസ്റ്റ് വൻ പ്രതിഷേധങ്ങൾക്കിടയാക്കുമ്പോഴാണ് കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത്. സ്റ്റാൻ സ്വാമി മാവോയിസ്റ്റ് അല്ലെന്ന് ഉറപ്പുണ്ടെന്ന് റോമിലെ ഈശോ സഭ ജനറലിൻറെ അസിസ്റ്റൻറ് ഫാദർ ജോർജ് എംകെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ ദേശീയ തലത്തിൽ വൻ പ്രതിഷേധം ഉയരുന്നത്. അന്താരാഷ്ട്രതലത്തിലും അറസ്റ്റ് ചർച്ചയാവുകയാണ്. കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ ഫാദർ സ്റ്റാൻ സ്വാമി മാവോയിസ്റ്റ് സംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ചു എന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. നക്സൽ ബാരിയുടെ അമ്പത് വർഷം എന്ന ലേഖനം പിടിച്ചെടുത്തു. മാവോയിസ്റ്റുകളുടെ വാർത്താക്കുറിപ്പും സന്ദേശവും കണ്ടെടുത്തു.

മോഹൻ എന്ന മാവോയിസ്റ്റിൽ നിന്ന് എട്ട് ലക്ഷം രൂപ വാങ്ങി. പ്രശാന്ത്, വിജയൻ തുടങ്ങിയ പേരുകളുള്ള മാവോയിസ്റ്റുകളുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതൊക്കെയാണ് എൻഐഎയുടെ ആരോപണങ്ങൾ. കണ്ടെടുത്തു എന്ന പറയുന്ന രേഖകളുടെ ആധികാരികത തെളിയിക്കാൻ എൻഐഎക്കായില്ലെന്ന് സ്റ്റാൻ സ്വാമി അറസ്റ്റിനു മുമ്പ് പ്രതികരിച്ചിരുന്നു. ആരോപണങ്ങൾ ഈശോ സഭ വീണ്ടും തള്ളി. ഈശോ സഭയുടെ റോമിലെ ആസ്ഥാനത്തെ അസിസ്റ്റൻറ് ഫാദർ ജോർജ് എംകെ ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ പ്രതികരണത്തിൽ നടപടി മറ്റു ലക്ഷ്യങ്ങളോടെയാണെന്ന് കുറ്റപ്പെടുത്തി.

ഫാദർ സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണമെന്ന് മുഖ്യമന്ത്രിമാരായ പിണറായായി വിജയനും ഹേമന്ത് സോറനും ആവശ്യപ്പെട്ടിരുന്നു. ഐക്യദാർഢ്യ പരിപാടികൾ തുടർന്നും സംഘടിപ്പിക്കാനാണ് ഈശോ സഭ തീരുമാനം.

Follow Us:
Download App:
  • android
  • ios