നാഗര്‍കോവില്‍: കളയിക്കാവിള കൊലപാതക കേസിലെ മുഖ്യപ്രതികളായ തൗഫീഖിനെയും അബ്ദുൾ ഷെമീമിനെയും എൻഐഎ സംഘം ചോദ്യം ചെയ്തു. നാഗർകോവിലിൽ വച്ചാണ് ചോദ്യം ചെയ്തത്. ഗൂഢാലോചന സംബന്ധിച്ചുള്ള വിവരങ്ങൾക്കായാണ് ഇരുവരെയും ചോദ്യം ചെയ്തത്. വെടിവയ്ക്കാനുള്ള പരിശീലനം കിട്ടിയത് സംബന്ധിച്ചും ചോദ്യം ചെയ്തു.

കേസിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് എൻഐഎ നീക്കം. ചെക്ക് പോസ്റ്റ് ഓഫീസിനുള്ളിൽ വച്ച് കുത്തിയും വെടിവച്ചുമാണ് തൗഫീക്ക്, അബ്ദുൾ ഷെമീം എന്നിവ‍ർ ചേർന്ന് എഎസ്ഐ വിൽസനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും കത്തിയും തെളിവെടുപ്പിനിടെ പൊലീസിന് ലഭിച്ചിരുന്നു. തോക്ക് കൊച്ചയിൽ നിന്നും കത്തി തമ്പാനൂരിൽ നിന്നുമാണ് കണ്ടെത്തിയത്. 

പ്രതികള്‍ ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലും ക്യൂബ്രാഞ്ച്  തെളിവെടുത്തിരുന്നു. പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതികൾ നെയ്യാറ്റിൻകരയിൽ ഉപേക്ഷിച്ച ബാഗിൽ നിന്ന് ഇവരുടെ തീവ്രവാദ ബന്ധം വ്യക്തമാകുന്ന കുറിപ്പുകള്‍ പൊലീസിന് ലഭിച്ചിരുന്നു. നെയ്യാറ്റിൻകരയിലെ ആരാധനാലയത്തിലെ വീട്ടിൽ നിന്നാണ് ഈ ബാഗ് പൊലീസ് കണ്ടെത്തിയത്. തീവ്രവാദ ബന്ധം ആരോപിച്ച് ബെംഗളൂരുവില്‍ പിടിയിലായവരുടെ പേരും കുറിപ്പിലുണ്ട്.  കുറിപ്പിന്‍റെ നിജസ്ഥിതി അന്വേഷിക്കുന്നതായി തമിഴ്നാട് പൊലീസ് അറിയിച്ചു.  പുതിയ തീവ്രവാദ സംഘടനയുടെ സാനിധ്യം തെളിയിക്കാനാണ് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.