കോഴിക്കോട്: സ്വർണക്കടത്ത് കേസിലെ പ്രതി ടിഎം സംജുവിൻ്റെ ഭാര്യയുടെ വീട്ടിൽ എൻഐഎ റെയ്ഡ്. കോഴിക്കോടുള്ള വീട്ടിലാണ് എൻഐഎ പരിശോധന നടത്തിയത്. റെയ്ഡിൽ കേസുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുത്തു എന്നാണ് വിവരം ലഭിക്കുന്നത്. 

സംജുവിനെ നേരത്തെ കസ്റ്റംസും എൻഐഎയും അറസ്റ്റ് ചെയ്തിരുന്നു. സംജുവിൻ്റെ കൂട്ടാളിയായ കൊടുവള്ളി സ്വദേശിയുടെ വീട്ടിലും എൻഐഎ പരിശോധന നടത്തുന്നുണ്ട്. സംജുവിൻ്റെ വീട്ടിലും നേരത്തെ എൻഐഎ പരിശോധന നടത്തിയിരുന്നു. സംജുവിൻ്റെ ഭാര്യാപിതാവിൻ്റെ ജ്വല്ലറിയിലും നേരത്തെ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. 

അതേസമയം, കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത് എന്നിവരുടെ റിമാൻഡ് കാലാവധി അടുത്ത മാസം 9 വരെ നീട്ടി. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലെ റിമാൻഡ് കാലാവധിയാണ് നീട്ടിയത്. റിമാൻഡ് കാലാവധി നീട്ടുന്നതിനായി മൂവരെയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.