Asianet News MalayalamAsianet News Malayalam

എം ശിവശങ്കറിനെ ചോദ്യംചെയ്‍ത് വിട്ടയച്ചു; സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷം വീണ്ടും ചോദ്യംചെയ്‍തേക്കും

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. രാവിലെ പത്ത് മണിക്കാണ് ശിവശങ്കറിനെ ചോദ്യംചെയ്യാന്‍ ആരംഭിച്ചത്.

NIA stopped questioning m sivasankar
Author
kochi, First Published Jul 28, 2020, 8:36 PM IST

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ പത്തര മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷം വിട്ടയച്ചു. വിമാനത്താവള കളളക്കടത്ത് കേസിൽ ശിവശങ്കരന് നേരിട്ട് അറിവുണ്ടായിരുന്നില്ല എന്ന നിഗമനത്തിലാണ് നടപടി. എന്നാൽ തുടർ അന്വേഷണത്തിനിടയിൽ ആവശ്യമെങ്കിൽ  വീണ്ടും വിളിപ്പിക്കും.

തുടര്‍ച്ചയായ രണ്ടുദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അന്വേഷണസംഘം ഒന്നാകെയെത്തിയാണ് കൊച്ചിയിലെ എൻഐഎ ഓഫീസിൽ നിന്ന് സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ യാത്രയാക്കിയത്. കളളക്കടത്തിനെന്ന് അറിഞ്ഞുകൊണ്ടാണോ സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ളാറ്റ് ശിവശങ്കർ ഇടപെട്ട്  പ്രതികൾക്ക് വാടകയ്ക്ക് എടുത്ത് നൽകിയത് എന്നാണ് എന്‍ഐഎയ്ക്ക് അറിയേണ്ടിയിരുന്നത്. സ്വപ്ന സുരേഷും കുട്ടൂപ്രതികളും കളളക്കടത്തുകാരെന്ന് അറിഞ്ഞില്ലെന്ന നിലപാടിൽ ശിവശങ്ക‍ർ ഉറച്ചുനിന്നു.  

ജൂൺ 30ന് നയതന്ത്ര ബാഗ് പിടിച്ചുവെച്ചശേഷം സ്വപ്ന സുരേഷും ശിവശങ്കറും തമ്മിൽ തുടർച്ചയായി നടത്തിയ ഫോൺ സംഭാഷണം കളളക്കടത്ത് മറയ്ക്കാനാണോ എന്നായിരുന്നു എൻഐഎയുടെ മറ്റൊരു  സംശയം. നയതന്ത്ര ബാഗിനുളളിൽ സ്വർണമുണ്ടെന്ന് താനറിഞ്ഞിരുന്നില്ല എന്ന നിലപാടിൽ ശിവശങ്കർ ആദ്യാവസാനം ഉറച്ചു നിന്നു. കളളക്കടത്തിന്‍റെ സൂത്രധാരനായ കെ ടി റമീസ് അടക്കമുളളവരുമായി ശിവശങ്കറിന് അടുപ്പമുണ്ടോയെന്നും പരിശോധിച്ചു. ഇതുറപ്പിക്കാൻ കെ ടി റമീസിനേയും എൻഐഎ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു. എന്നാൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷവും കളളക്കടത്ത് ഇടപാടിൽ ശിവശങ്കറിന്‍റെ അറിവോ മൗനാനുവാദമോ ഉണ്ടായിരുന്നെന്ന് സ്ഥാപിക്കാൻ പറ്റിയ മൊഴിയെന്നും ലഭിച്ചില്ല.

എന്നാൽ ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകിയെന്ന് പറയാനാകില്ലെന്നാണ് കേന്ദ്ര ഏജൻകൾ പറയുന്നത്.  സിസിടിവി ദൃശ്യങ്ങളിൽ കളളക്കടത്തുമായി ബന്ധപ്പെട്ട ആരെങ്കിലും സെക്രട്ടേറിയറ്റിൽ എത്തിയിരുന്നെന്ന് ബോധ്യപ്പെട്ടാൽ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. വിട്ടയച്ചതിനുപിന്നാലെ എം ശിവശങ്ക‍ർ ബന്ധുക്കൾക്കൊപ്പം തിരുവനന്തപുരത്തേക്ക് മടങ്ങി. 


 

Follow Us:
Download App:
  • android
  • ios