സ്വർണക്കടത്ത് കേസ് പ്രതികൾ ചേർന്ന് തീവ്രവാദസംഘം രൂപീകരിച്ചെന്ന് എൻഐഎ

കൊച്ചി: നയതന്ത്ര കള്ളക്കടത്തിലെ പ്രതികൾ ചേർന്ന് ഭീകരരുടെ സംഘം രൂപീകരിച്ചെന്ന് എൻഐഎ. ഇതിനായി ആളുകളെ റിക്രൂട്ട് ചെയ്യുകയും രാജ്യത്തുംവിദേശത്തുനിന്നുമായി ഫണ്ട് പിരിക്കുകയും ചെയ്തു. സ്വര്‍ണക്കടത്ത് റാക്കറ്റിലെ സൂത്രധാരനെന്ന് കസ്റ്റംസും എന്‍ഫോഴ്സ്മെന്‍ര് ഡയറ്കടറേറ്റും വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്സിപ്പല് സെക്രട്ടറി എം. ശിവശങ്കറിനെ കുറിച്ച് കുറ്റപത്രത്തിൽ പരാമർശമില്ല എന്നത് ശ്രദ്ധേയമാണ് . കുറ്റപത്രത്തിന്‍റെ വിശദാംശങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു

നയതന്ത്ര ചാനൽ വഴിയുള്ള കള്ളക്കടത്ത് റാക്കറ്റിന് പിന്നിലെ ഭീകരബന്ധം അന്വേഷിച്ച എന്‍ഐഎ പ്രത്യേക സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ആറ് മാസത്തെ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ജനുവരി 5-നാണ് പ്രത്യേക കോടതിയിൽ കുറ്റപത്രം നല്‍കിയത്. പ്രതികളുടേത് ഭീകരപ്രവരത്തനമെന്ന് കുറ്റപത്രത്തില്‍ വിശേഷിപ്പിക്കുന്നു. 

രാജ്യത്തിന്‍റെ ആഭ്യന്തര - സാമ്പത്തിക സുരക്ഷ തകർക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം തകര്‍ക്കാനും പ്രതികള്‍ ലക്ഷ്യമിട്ടു. ഈ ലക്ഷ്യത്തോടെ പ്രതികൾ ചേർന്ന് ഭീകരരുടെ സംഘം രൂപീകരിച്ചു. ഇതിനായി കോടിക്കണക്കിന് രൂപയുടെ ഫണ്ട് പിരിച്ചു. കള്ളക്കടത്ത് സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തു. 

167 കിലോ സ്വര്‍ണമാണ് 2019 നവംബര്‍ മുതില്‍ 2020 ജൂലൈ വരെ ഇന്ത്യയിലേക്ക് കടത്തിയത്. സ്വര്‍ണക്കള്ളക്കടത്ത് രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയെ തകര്‍ക്കും. യുഎപിഎ നിയമത്തിലെ ഭേദഗതി പ്രകാരം സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന ഏത് നടപടിയും ഭീകരപ്രവര്‍ത്തനത്തിന്‍റെ പരിധിയില്‍ വരും. അത് കൊണ്ട് തന്നെ പ്രതികള്‍ ചെയ്തത് ഭീകരപ്രവര്‍ത്തനം എന്നാണ് കുറ്റപത്രത്തിലെ വാദം. 

സ്വപ്നയും സരിതും ഉള്‍പ്പെടെ 20 പ്രതികൾക്കെതിരെയാണ് കുറ്റപത്രം .വിദേശത്ത് നിന്നടക്കം 9 പ്രതികളെ പിടികിട്ടാനുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കുറിച്ച് കുറ്റപത്രത്തിൽ പരാമർശമില്ല എന്നത് ശ്രദ്ധേയമാണ്. കള്ളക്കടത്ത് കണ്ടെത്തിയ കസ്റ്റംസും കള്ളക്കടത്തിന് പിന്നിലെ കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷിച്ച എന്‍ഫോഴ്സ്മെൻ്റ് ഡയറ്കടറേറ്റുംസ്വര്‍ണക്കടത്ത് റാക്കറ്റിലെ സൂത്രധാരനെന്നാണ് ശിവശങ്കറെ വിശേഷിപ്പിക്കുന്നത്.ഈ കേസുകളില്‍ കഴിഞ്ഞ മൂന്ന് മാസമായി ശിവശങ്കര്‍ ജയിലില്‍ കഴിയുകയാണ്.