Asianet News MalayalamAsianet News Malayalam

സമൂഹമാധ്യമങ്ങൾ വഴി ഐഎസ് പ്രചാരണം, റിക്രൂട്ട്മെന്റ്: മൂന്ന് മലയാളികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

ആകെ പത്തു പേർക്കെതിരെയാണ് എൻഐഎ സ്വമേധയാ കേസെടുത്തത്. മറ്റ് ഏഴ് പേരിൽ ചിലരെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല

NIA submits charge sheet against 3 accused in ISIS Kerala Module case
Author
Delhi, First Published Sep 8, 2021, 6:26 PM IST

ദില്ലി: ടെലഗ്രാം, ഹൂപ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങൾ വഴി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല പ്രചാരണം നടത്തുകയും യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തുവെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ മൂന്ന് മലയാളികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. എൻഐഎ സംഘമാണ് ദില്ലിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മലപ്പുറം സ്വദേശി മൊഹമ്മദ് ആമീൻ എന്ന അബു യാഹിയ, കണ്ണൂരിൽ നിന്നുള്ള മുഷബ് അൻവർ, കൊല്ലം സ്വദേശി റഹീസ് റഷീദ് എന്നിവർക്കെതിരെയാണ് കുറ്റപത്രം.

ആകെ പത്തു പേർക്കെതിരെയാണ് എൻഐഎ സ്വമേധയാ കേസെടുത്തത്. മറ്റ് ഏഴ് പേരിൽ ചിലരെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്റ്റേറ്റിന്റെ തകർച്ചയ്ക്ക് ശേഷം മൊഹമ്മദ് ആമീൻ 2020 മാർച്ചിൽ കശ്മീരിലെത്തി. റഹീസ് റഷീദിന്റെ കൂടി സഹായത്തോടെ കശ്മീരിൽ നിന്ന് ധനസമാഹരണം നടത്തി. പ്രതികൾക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളുടെ പ്രചാരണം, ഭീകര സംഘടനയിലേക്ക് ധനസമാഹരണം നടത്തൽ, സമാന മനസ്കരായ യുവാക്കളെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയിട്ടുള്ളതായി എൻഐഎ സംഘം വാർത്താക്കുറിപ്പിൽ അറിയിച്ചു.

കേസിൽ അന്വേഷണം തുടരുമെന്നാണ് എൻഐഎ സംഘം അറിയിച്ചിരിക്കുന്നത്. കണ്ണൂർ താണ സ്വദേശികളായ ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരെ അടുത്തിടെ ഈ കേസിൽ എൻഐഎ സംഘം അറസ്റ്റ് ചെയ്തിരുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios