കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന, നാവിക സേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് കംപ്യൂട്ടര്‍ ഹാര്‍ഡ് വെയറുകള്‍ മോഷണം പോയതിനെ കുറിച്ചുള്ള അന്വേഷണം എൻഐഎ ഏറ്റെടുത്തു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സംഭവമായതിനാലാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്. കേസില്‍ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ ആഴ്ചയാണ് കപ്പലില്‍ മോഷണം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. കപ്പലിൽ ഉപയോഗിക്കുന്ന ഒരു കംപ്യൂട്ടറിലെ ഹാർ‍ഡ് ഡിസ്ക്, ഫാൻ അടക്കമുള്ളവയാണ് നഷ്ടമായത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് പ്രശ്നം എന്ന നിലയിൽ റോ അടക്കം കേസിൽ  അന്വേഷം നടത്തുന്നുണ്ട്. കപ്പല്‍ശാല നല്‍കിയ പരാതിയില്‍ കേസന്വേഷിക്കാന്‍ പൊലീസും പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. കപ്പലിൽ നടന്ന കവർച്ച സാധാരണ കവർച്ച മാത്രമാണെന്നാണ് പൊലീസിന്‍റെ നിഗമനം. പ്രാഥമിക പരിശോധനയിൽ കപ്പലുമായി ബന്ധപ്പെട്ടതോ സുരക്ഷയുമായി ബന്ധപ്പെട്ടതോ ആയ രേഖകളൊന്നും നഷ്ടമായ കംപ്യൂട്ടർ ഹാർഡ് ‍ഡിസ്കിൽ ഇല്ലെന്നാണ് വിവരം. 

നാവിക സേനയ്ക്ക് കൈമാറാത്തിനാല്‍ സേനയുമായി ബന്ധപ്പെട്ട സുരക്ഷാ വിവരങ്ങളൊന്നും കപ്പലിലില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.  2009ലാണ് ഐഎന്‍എസ് വിക്രാന്ത്രിന്‍റെ നിര്‍മാണം കപ്പല്‍ശാലയില്‍ ആരംഭിച്ചത്. 2022 ല്‍ നിർമ്മാണം പൂര്‍ത്തിയാക്കി നാവിക സേനയ്ക്ക് കൈമാറും.