വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും താൻ സിപിഎമ്മുമായി ചർച്ച നടത്തിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു
കോട്ടയം: പുതുപ്പള്ളിയിൽ താൻ യാതൊരു വിമത നീക്കവും നടത്തിയിട്ടില്ലെന്ന് നിബു ജോൺ. ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ ഇദ്ദേഹത്തെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുവെന്നായിരുന്നു വിവരം. എന്നാൽ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും താൻ സിപിഎമ്മുമായി ചർച്ച നടത്തിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്നലെ ബന്ധുവിന്റെ മരണവീട്ടിലായിരുന്നു. പുതുപ്പള്ളിയിൽ തന്നെ ഉണ്ടായിരുന്നു. കോൺഗ്രസ് പ്രവർത്തകനായി തന്നെ തുടരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം സിപിഎം തന്നെ വാർത്ത നിഷേധിച്ചല്ലോയെന്നും പറഞ്ഞു.
ഇന്നലെ രാത്രിയാണ് പുതുപ്പള്ളിയിൽ നിന്നുള്ള കോൺഗ്രസിന്റെ ജനപ്രതിനിധി രാജിവെച്ച് സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വാർത്ത വന്നത്. പിന്നാലെ കോൺഗ്രസ് നേതാക്കൾ തിരക്കിട്ട ചർച്ചകൾ നടത്തി. ഉമ്മൻ ചാണ്ടിയുടെ കുടുംബം അടക്കം ഇടപെട്ട് നേതാവിനെ അനുനയിപ്പിക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പ്രശ്നത്തിൽ ഇടപെട്ടു. ഇന്നലെ രാത്രി വൈകി നടന്ന ചർച്ചയിലാണ് പ്രശ്നത്തിന് പരിഹാരമായത്.
ഉമ്മൻ ചാണ്ടിയുമായി വളരെയേറെ ആത്മബന്ധം പുലർത്തിയ നേതാവാണ് നിബു ജോൺ.ഇദ്ദേഹം ഇന്ന് രാവിലെ 11 മണിക്ക് ചാണ്ടി ഉമ്മനെതിരെ വാർത്താ സമ്മേളനം നടത്തി രംഗത്തിറങ്ങാനായിരുന്നു ആലോചന. താനടക്കമുള്ള പുതുപ്പള്ളിയിലെ മറ്റ് നേതാക്കളെ സ്ഥാനാർത്ഥി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതും, പുതുപ്പള്ളിയിലെ കോൺഗ്രസ് നേതാക്കളെ തീർത്തും അപ്രസക്തരാക്കിയതുമാണ് പ്രകോപനത്തിന് കാരണമായത്. വിവരം മുൻകൂട്ടി മനസിലാക്കി ഇടതുമുന്നണി നീക്കം നടത്തുകയായിരുന്നു. എങ്കിലും നിർണായക ചർച്ചകളിലൂടെ വലിയ തിരിച്ചടിയിൽ നിന്ന് രക്ഷപ്പെടാൻ കോൺഗ്രസിന് സാധിച്ചു.
