വയനാട്: ഷെഹലയുടെ ചിരിക്കുന്ന മുഖം കേരളത്തിന്റെ മനസാക്ഷിയിൽ വീണ കണ്ണുനീർത്തുള്ളിയായി മാറുമ്പോൾ  അവൾക്ക് നീതി നേടിക്കൊടുക്കാൻ, തനിക്കറിയാവുന്നതെല്ലാം മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് വീറോടെ വിളിച്ചു പറയുന്ന മറ്റൊരു പെൺകുട്ടിയും ശ്രദ്ധ നേടുന്നു. അവളുടെ പേര് നിദാ ഫാത്തിമ. ഷെഹലയുടെ സ്കൂളിലെ തന്നെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി. നാളയുടെ പ്രതീക്ഷയാണിതെന്നാണ് സമൂഹമാധ്യമങ്ങൾ ഒന്നടങ്കം ഇവളെ വിശേഷിപ്പിക്കുന്നത്.

കൈ ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന നിദയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മിക്കവരുടെയും കവർ‌ഫോട്ടോ ആയി നിദ ഫാത്തിമ മാറിക്കഴിഞ്ഞു. ഷെഹലയ്ക്ക് എന്താണ് സംഭവിച്ചതെന്ന്, ഇക്കാര്യം പറഞ്ഞ് ചെന്നപ്പോൾ അധ്യാപകർ എങ്ങനെയാണ് തങ്ങളോട് പെരുമാറിയതെന്ന് വളരെ വ്യക്തമായി പൊതുസമൂഹത്തോട് അവൾ വെളിപ്പെടുത്തുന്നുണ്ട്. 

ഫോട്ടോ​ഗ്രാഫറായ ജോൺസൺ പട്ടവയലാണ് നിദയുടെ ഈ ചിത്രം പകർത്തിയിരിക്കുന്നത്. ബത്തേരി-മൈസൂർ ദേശീയപാതയിലെ യാത്രാനിരോധനത്തിനെതിരെ സമരം നടന്നപ്പോളുള്ള നിദയുടെ ചിത്രമാണിത്. അന്ന് വിവിധ സ്കൂളുകളിലെ കുട്ടികൾ ഈ സമരത്തിൽ പങ്കെടുത്തിരുന്നു. അന്നും വളരെ ചുറുചുറുക്കോടെയാണ് നിദ സമരത്തിൽ പങ്കെടുത്തതെന്ന് ജോൺസൺ ഓർത്തെടുക്കന്നു