നിഖിലിന്‍റെ മൊബൈൽ ഫോൺ പൊലീസ് മനപ്പൂർവ്വം ഒളിപ്പിക്കുകയാണ്. ഫോൺ പരിശോധിച്ചാൽ ബാബുജാനുമായുള്ള പങ്ക് വ്യക്തമാകും. മാന്യതയുടെ മുഖംമൂടിയണിഞ്ഞ കെ എച്ച് ആട്ടിൻ തോലിട്ട ചെന്നായ ആണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപണമുണ്ട്.
ആലപ്പുഴ: സിപിഎം പൊലീസിന് നൽകിയ പരാതിക്ക് പുല്ലുവില. വീണ്ടും വിമര്‍ശന പോസ്റ്റുമായി ചെമ്പട കായംകുളം ഫേസ്ബുക്ക് പേജ് രംഗത്ത്.നിഖിൽ തോമസിന് തുല്യതാസർട്ടിഫിക്കറ്റും പ്രവേശനവും സംഘടിപ്പിച്ചത് കെ എച്ച് ബാബുജാനെന്ന് ഫേസ്ബുക്ക് പേജില്‍ ആരോപിക്കുന്നു. ചെമ്പട കായംകുളം എന്ന പേജിനെതിരെ ഏരിയ സെക്രട്ടറി പരാതി നൽകിയതിന് പിന്നാലെയാണ് പുതിയ പോസ്റ്റ്.
വ്യാജ ഡിഗ്രിക്ക് പിന്നിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബാബുജാനാണെന്ന് ചെമ്പട കായംകുളം ആരോപിക്കുന്നു. കേരള സർവകലാശാലയിൽ നിന്ന് നിഖിലിന് തുല്യത സർട്ടിഫിക്കറ്റ് കൊടുത്തത് ബാബുജാനാണ്. കോളേജ് മാനേജരെ ഭീഷണിപ്പെടുത്തി നിഖിലിന്‍റെ അഡ്മിഷൻ തരപ്പെടുത്തിയതും ബാബുജാന്‍ തന്നെ. സിപിഎം പാർട്ടി ഓഫീസ് അസിസ്റ്റന്‍റ് സെക്രട്ടറിയായി നിഖിലിനെ നിയോഗിച്ചതും ബാബുജാനാണെന്ന് ചെമ്പട കായംകുളം എന്ന ഫേസ്ബുക്ക് പേജ് ആരോപിക്കുന്നു. നിഖിലിന്‍റെ മൊബൈൽ ഫോൺ പൊലീസ് മനപ്പൂർവ്വം ഒളിപ്പിക്കുകയാണ്. ഫോൺ പരിശോധിച്ചാൽ ബാബുജാനുമായുള്ള പങ്ക് വ്യക്തമാകും. ഒരുപാട് അഴിമതി കഥകൾ തെളിയുമെന്നും ഫേസ്ബുക്ക് പോസ്റ്റ് ആരോപിക്കുന്നു. മാന്യതയുടെ മുഖംമൂടിയണിഞ്ഞ കെ എച്ച് ആട്ടിൻ തോലിട്ട ചെന്നായ ആണെന്നും പുതിയ പോസ്റ്റില്‍ ആരോപണമുണ്ട്.
Also Read: 'കായംകുളത്തിൻ്റെ വിപ്ലവം, ചെമ്പട കായംകുളം' അക്കൗണ്ടുകൾക്ക് പൂട്ട് വീഴും; നിയമ നടപടിക്കൊരുങ്ങി സിപിഎം
ചെമ്പട കായംകുളം, കായംകുളത്തിന്‍റെ വിപ്ലവം എന്നീ ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെ ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. കായംകുളത്തെ നേതാക്കളുടെ ഉറക്കം കെടുത്തുന്ന കായംകുളത്തിന്‍റെ വിപ്ലവം, ചെമ്പട കായംകുളം എന്നീ അക്കൗണ്ടുകള്‍ക്കെതിരെയാണ് പരാതി നല്‍കിയത്. അടുത്ത കാലത്ത് പല നേതാക്കളും ഈ ഗ്രൂപ്പുകളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. മുന്നറിയിപ്പ് നൽകിയിട്ടും വഴങ്ങാത്തെ വന്നതോടെയാണ് ഗ്രൂപ്പുകൾക്കെതിരെ പാര്‍ട്ടി നിയമനടപടിക്കൊരുങ്ങിയത്. എന്നാല്‍, ഇതിന് പിന്നാലെയാണ് ചെമ്പട കായംകുളത്തിന്‍റെ പുതിയ പോസ്റ്റ്.
