തിരുവനന്തപുരം: മന്ത്രിയുടെ വിവാഹത്തിന് കുട്ടികളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഒരിക്കൽ കുട്ടികളെ എസ്എഫ്ഐ ഭാരവാഹികൾ വിളിച്ചുകൊണ്ടുപോയിട്ടുണ്ടെന്ന് മുൻ യൂണിവേഴ്‍സിറ്റി കോളേജ് വിദ്യാർത്ഥിനി നിഖില. കോളേജിലെ എസ്എഫ്ഐ നേതൃത്വത്തിൽ നിന്ന് മോശം അനുഭവങ്ങളുണ്ടായതിന്‍റെ പേരിൽ ആത്മഹത്യാ ശ്രമം നടത്തിയ വിദ്യാ‍ർത്ഥിനിയാണ് നിഖില. ഫെബ്രുവരിയിൽ എകെജി സെന്‍ററിൽ നടന്ന വിവാഹത്തിന് വേണ്ടിയാണ് ക്ലാസിൽ നിന്നടക്കം ആൺകുട്ടികളെ കൂട്ടത്തോടെ വിളിച്ചുകൊണ്ടുപോയതെന്നും നിഖില 'ന്യൂസ് അവറി'ൽ പറഞ്ഞു. 

''വെള്ളിയാഴ്ചകളിലാണ് ലാബ് ഉണ്ടാകാറ്. ലാബിൽ അറ്റൻഡൻസ് നിർബന്ധമാണ്. അതിന് പോകാൻ നിൽക്കുമ്പോൾ ക്ലാസിലെ ആൺകുട്ടികളെ എസ്എഫ്ഐക്കാർ വന്ന് വിളിച്ചുകൊണ്ടുപോയി. മന്ത്രിയുടെ മകന്‍റെ കല്യാണമാണ്, പോയിട്ട് ആവശ്യമുണ്ടെന്ന് പറഞ്ഞാണ് വിളിച്ചുകൊണ്ടുപോയത്. പിന്നെ അവരവിടെ നിന്ന് ഭക്ഷണം കഴിക്കുന്ന ഫോട്ടോ ഒക്കെ സ്റ്റാറ്റസായി ഇട്ടിരുന്നു. പക്ഷേ, പ്രശ്നം, ഇതിന്‍റെ പേരിൽ അന്ന് ആരെയും ലാബിൽ കയറാൻ നേതാക്കൾ സമ്മതിച്ചില്ല'', നിഖില പറഞ്ഞു.

എല്ലാ വിഷയങ്ങളിലും പ്ലസ്‍ടുവിന് എ പ്ലസ് വാങ്ങിയാണ് നിഖില യൂണിവേഴ്‍സിറ്റി കോളേജിൽ ബിഎസ്‍സി കെമിസ്ട്രി പഠിക്കാനെത്തുന്നത്. ഒരു മണിക്കൂർ യാത്ര ചെയ്താലേ നിഖിലയുടെ വീട്ടിൽ നിന്ന് കോളേജിലേക്കെത്താനാകൂ. ദിവസവും കോളേജ് വിട്ട് വീട്ടിലെത്തി രണ്ട് കുട്ടികൾക്ക് ട്യൂഷനെടുത്താണ് നിഖില പഠനം മുന്നോട്ടു കൊണ്ടുപോകുന്നത്. അതിന് പോലും കഴിയാതായപ്പോഴാണ് ആദ്യം നിഖില പ്രതികരിച്ചത്. അതിന് പരീക്ഷാഹാളിൽ വരെ കയറി വന്ന് യൂണിയൻ ചെയർമാൻ അപമാനിച്ചെന്നും, പരീക്ഷയെഴുതാൻ സമ്മതിച്ചില്ലെന്നും നിഖില തുറന്നടിച്ചു. 

ഇത്തരം നേതാക്കളെ നിയന്ത്രിക്കാത്തത് പ്രിൻസിപ്പാളിന്‍റെ വീഴ്ചയാണെന്ന് നിഖില ആരോപിക്കുന്നു. പ്രിൻസിപ്പാൾ കെ. വിശ്വംഭരൻ എസ്എഫ്ഐയുടെ കയ്യിലെ കളിപ്പാവ മാത്രമാണ്. പ്രിൻസിപ്പാളിന്‍റെ നടപടികൾ വെറും പ്രഹസനമാണ്. പരാതി പറഞ്ഞപ്പോൾ ഇത് വ്യക്തിപരമായ വിഷയമാണെന്ന് പറഞ്ഞ് തള്ളിക്കളയുകയായിരുന്നു. ഇപ്പോൾ അഖിലിന് കുത്തേറ്റതിന് ശേഷം വിദ്യാർത്ഥികൾ കൂട്ടത്തോടെ പ്രതിഷേധിച്ചതുകൊണ്ടാണ് നടപടികളുണ്ടായത്. ഇല്ലെങ്കിൽ ഇതും 'വ്യക്തിപരമായ ഒറ്റപ്പെട്ട' സംഭവമായേനേ - നിഖില പറഞ്ഞു. 

എസ്എഫ്ഐയോട് ചായ്‍വുള്ളയാളാണ് ഇപ്പോഴും താനെന്ന് നിഖില പറയുന്നു. അതുകൊണ്ടുതന്നെ ക്ലാസ്സുകൾ തുടങ്ങിയപ്പോൾ എസ്എഫ്ഐ സംഘടിപ്പിച്ചിരുന്ന പരിപാടികൾക്കൊക്കെ പോയിരുന്നു. പക്ഷേ, ഇത് പഠനത്തെ വല്ലാതെ ബാധിക്കാൻ തുടങ്ങി. ഒരു മണിക്കൂർ യാത്ര ചെയ്ത് വീട്ടിലെത്തി രണ്ട് കുട്ടികൾക്ക് ട്യൂഷനെടുത്തിട്ട് വേണം എനിക്ക് പഠിക്കാനിരിക്കാൻ. അതുകൊണ്ടാണ് ആദ്യം പ്രതികരിച്ചത്. വാട്‍സാപ്പിൽ ഒരു സ്റ്റാറ്റസിട്ടു. ഇത് എന്‍റെ രണ്ട് സഹപാഠികൾ തന്നെ എടുത്ത് യൂണിയൻ ഭാരവാഹികളെ കാണിച്ചു. ഇതിന് ശേഷമാണ് പക പോക്കൽ തുടങ്ങിയത്. 

പരീക്ഷ നടക്കുന്നതിനിടെ പരീക്ഷാ ഹാളിൽ കയറി വന്ന് യൂണിയൻ ചെയർമാൻ സ്റ്റാറ്റസിട്ടത് ചോദ്യം ചെയ്തു. അപമാനിച്ചു. മാനസികമായി തകർന്ന എനിക്ക് പരീക്ഷ മര്യാദയ്ക്ക് എഴുതാൻ പോലും കഴിഞ്ഞില്ല. 

പിന്നീടങ്ങോട്ട് എന്നെ ടാർഗറ്റ് ചെയ്ത് പക വീട്ടാൻ തുടങ്ങി. ക്യാന്‍റീനിൽ പോകാൻ അനുവാദം വേണം. ലൈബ്രറിയിൽ പോകാൻ അനുവാദം വേണം. വീട്ടിൽപ്പോകാൻ പോലും അനുവാദം വേണം. പ്രിൻസിപ്പാളിനും അധ്യാപകർക്കും ഇവരെയൊക്കെ പേടിയാണ്. എങ്ങനെയെങ്കിലും മുന്നോട്ടുപോയാൽ മതിയെന്നാണ് അധ്യാപകർക്ക്. 

മാർച്ചിനും മറ്റും കുട്ടികളെ വന്ന് വിളിച്ചാൽ പേടി കൊണ്ട് അധ്യാപകർ ക്ലാസ്സ് വിടും. 'എന്‍റെ ബൈക്ക് വെളിയിലിരിക്കുകയാണ്, കത്തിച്ചു കളയും ഇവർ' എന്ന് പറഞ്ഞാണ് ഒരു അധ്യാപകൻ മാർച്ചിന് വിട്ടത്. 

എസ്എഫ്ഐയുടെ മാനസികപീഡനം പിന്നെയും തുടർന്നു. ഒരിക്കൽ ക്യാന്‍റീനിൽ വന്നിരുന്ന് കഴിച്ചതിന് എന്നെ ഇറക്കി വിട്ടു. ക്യാന്‍റീനൊക്കെ തേഡ‍് ഇയേഴ്‍സിനുള്ളതാണ്. ഫസ്റ്റ് ഇയേഴ്‍സ് ഇരിക്കാൻ പാടില്ലെന്ന് പറഞ്ഞു. 

സഹിക്കാൻ വയ്യാതായപ്പോൾ, പ്രിൻസിപ്പാളിനോട് കരഞ്ഞു പറഞ്ഞു. 'നോക്കാം' എന്ന ഒറ്റ വാക്കല്ലാതെ പ്രിൻസിപ്പാളൊന്നും പറഞ്ഞില്ല. പിന്നെയും മാനസികപീഡനം തുടർന്നപ്പോഴാണ് ആത്മഹത്യാശ്രമം നടത്തിയത് - നിഖില പറയുന്നു.