സ്ഥാനാര്‍ത്ഥിയാക്കാത്തതിൽ വിഎസ് ജോയ് പക്ഷവും കടുത്ത എതിര്‍പ്പ് അറിയിച്ചു. പരസ്യമായി അതൃപ്തി അറിയിക്കാനാണ് ജോയിയെ അനുകൂലിക്കുന്ന ഡിസിസി ഭാരവാഹികളുടെ നീക്കം

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിൽ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനിരിക്കെ അതൃപ്തി തുറന്ന് പറഞ്ഞ് പിവി അൻവര്‍ രംഗത്തെത്തിയതോടെ വെട്ടിലായി യുഡിഎഫ് നേതൃത്വം. അൻവറിന്‍റെ സമ്മര്‍ദ തന്ത്രത്തോടെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൊട്ടിത്തെറിയിലേക്കാണ് നീങ്ങുന്നത്. ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന പരസ്യ സൂചനയാണ് പിവി അൻവര്‍ നൽകിയത്.

സ്ഥാനാര്‍ത്ഥിയാക്കാത്തതിൽ വിഎസ് ജോയ് പക്ഷവും കടുത്ത എതിര്‍പ്പ് അറിയിച്ചു. പരസ്യമായി അതൃപ്തി അറിയിക്കാനാണ് ജോയിയെ അനുകൂലിക്കുന്ന ഡിസിസി ഭാരവാഹികളുടെ നീക്കം. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിൽ വിഎസ് ജോയി പരസ്യമായി അതൃപ്തി അറിയിക്കും. അതേസമയം, പിവി അൻവറിന്‍റേത് വിലപേശൽ തന്ത്രമാണെന്നാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. പിവി അൻവര്‍ ഉന്നയിച്ച കാര്യങ്ങള്‍ യുഡിഎഫ് നേതൃത്വം ചര്‍ച്ച ചെയ്യും.

ഉപാധിയില്ലാതെയുള്ള പിന്തുണ പിവി അൻവര്‍ ഉറപ്പു നൽകിയതാണെന്നാണ് നേതൃത്വം അറിയിക്കുന്നത്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയാൽ പിവി അൻവര്‍ മത്സരിക്കാനാണ് നീക്കം. യുഡിഎഫിനെ വെട്ടിലാക്കാനുള്ള സമ്മര്‍ദ നീക്കങ്ങളുമായാണ് പിവി അൻവര്‍ മുന്നോട്ടുേപാകുന്നത്. അതേസമയം, പിവി അൻവര്‍ അവസരം മുതലെടുക്കുകയാണെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെടുക്കണമെന്ന ആവശ്യമാണിപ്പോള്‍ പിവി അൻവര്‍ ശക്തമാക്കിയിരിക്കുന്നത്. 


ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിൽ എതിര്‍പ്പുയര്‍ന്നതോടെ കോൺഗ്രസ് ക്യാമ്പിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കൂടുതൽ ചർച്ചകള്‍ വേണമെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്. അൻവറിന്‍റെ നിലപാടും കോൺഗ്രസിലെ ഒരു വിഭാഗത്തിന്‍റെ എതിർപ്പുമാണ് പുനരാലോചനയ്ക്ക് കാരണം.

അതേസമയം, കോണ്‍ഗ്രസിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും ഒറ്റക്കെട്ടായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.നിലമ്പൂർ എൽഡിഎഫിന്‍റെ വാട്ടർ ലൂ മൊമന്‍റാണ്. നിലമ്പൂരിൽ നിന്നാകും പിണറായി സർക്കാരിന്‍റെ താഴോട്ടുള്ള വീഴ്ച തുടങ്ങുക. നേതൃത്വത്തിന് മുമ്പാകെ സ്ഥാനാര്‍ത്ഥിയുടെ പേര് വന്നാൽ ഉടൻ ഒരു നിമിഷം കൊണ്ട് പ്രഖ്യാപനമുണ്ടാകും. ഐക്യകണ്ഠേന ഒരു പേര് നൽകും. പിവി അൻവറിന്‍റെ പിന്തുണ മുഖവിലക്കെടുക്കുന്നുണ്ട്. കോൺഗ്രസിൽ ഒരു ആശയക്കുഴപ്പവുമില്ല. സ്ഥാനാർഥിയെ കോൺഗ്രസ് ആദ്യം പ്രഖ്യാപിക്കും. പാർട്ടിക്ക് സ്ഥാനാർഥി നിർണയത്തിന് ഒരു സംവിധാനമുണ്ട്. അത് അനുസരിച്ച് പ്രഖ്യാപനം വരുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

YouTube video player