വഴിക്കടവിലെ ആദ്യ നാല് ബൂത്തിൽ നിന്ന് 7000 വോട്ട് അൻവർ പ്രതീക്ഷിക്കുന്നു. ആദ്യ മൂന്ന് ബൂത്തിൽ 3000 വോട്ട് ഭൂരിപക്ഷമാണ് കോൺഗ്രസ് പ്രതീക്ഷ
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ ആദ്യം വോട്ട് എണ്ണുന്നത് അൻവറിന് സ്വാധീനമുള്ള ബൂത്തുകളിലാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും അൻവറിന് വഴിക്കടവ് പഞ്ചായത്തിൽ നിന്ന് 2500 ലേറെ വോട്ടിൻ്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇത്തവണ ചതുഷ്കോണ മത്സരമായതിനാൽ വോട്ട് എങ്ങോട്ട് പോയെന്നതാണ് ഉറ്റുനോക്കുന്നത്. ആദ്യ റൗണ്ടിൽ മാത്രം പിവി അൻവർ ആയിരം വോട്ട് പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം യുഡിഎഫാകട്ടെ, ആയിരം വോട്ട് ഭൂരിപക്ഷം ആദ്യ റൗണ്ടിൽ നേടുമെന്ന് പറയുന്നു. എന്നാൽ എൽഡിഎഫ് ഈ റൗണ്ടിൽ തങ്ങൾ പിന്നിലായിരിക്കുമെന്ന് തന്നെയാണ് പറയുന്നത്.
ആദ്യ റൗണ്ടിൽ മാത്രം അൻവർ പ്രതീക്ഷിക്കുന്നത് 1000 വോട്ടാണ്. വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകൾ എണ്ണുന്ന ആദ്യ നാല് റൗണ്ടിൽ 5000 മുതൽ 7000 വോട്ട് വരെ നേടാനാകുമെന്നാണ് പിവി അൻവറിൻ്റെ പ്രതീക്ഷ. ഈ ബൂത്തുകളിൽ പ്രതീക്ഷിച്ച മുന്നേറ്റം നേടാനായാൽ പിവി അൻവർ തെരഞ്ഞെടുപ്പിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു എന്നാണ് അർത്ഥം. മറിച്ചാണെങ്കിൽ എൽഡിഎഫ്-യുഡിഎഫ് പോരെന്നതിലേക്ക് ഫലസൂചന മാറിമറിയും.
അതേസമയം വഴിക്കടവിൽ മുസ്ലിം ലീഗിനും കോൺഗ്രസിനും ശക്തമായ സ്വാധീനമുള്ളതിനാൽ, ആദ്യ മൂന്ന് റൗണ്ടിൽ മാത്രം മൂവായിരം വോട്ട് ഭൂരിപക്ഷം ലഭിക്കുമെന്നാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയുടെ പ്രവചനം. മണ്ഡലത്തിൽ പതിനായിരം വോട്ട് ഭൂരിപക്ഷം കോൺഗ്രസ് ക്യാംപ് ഉറപ്പിക്കുന്നുണ്ട്. 20000 വോട്ട് ഭൂരിപക്ഷം നേടുമെന്നാണ് ഡിസിസി പ്രസിഡൻ്റ് വിഎസ് ജോയ് പറഞ്ഞത്. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വഴിക്കടവ് പഞ്ചായത്തിൽ 1500 വോട്ട് ഭൂരിപക്ഷമാണ് എൽഡിഎഫ് ക്യാംപ് കണക്കാക്കുന്നത്.



