കാസർകോട്: നീലേശ്വരത്ത് 16കാരിയെ അച്ഛനടക്കം ഏഴ് പേർ പീഡിപ്പിച്ച കേസിൽ നിർണായക വഴിത്തിരിവ്. പെൺകുട്ടിയെ ഗർഭഛിദ്രം നടത്തിയ ശേഷം കുഴിച്ചിട്ട ഭ്രൂണം കണ്ടെത്തി. ഗർഭഛിദ്രം നടത്തിയ ശേഷം അച്ഛനാണ് ഭ്രൂണം കുഴിച്ചിട്ടത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഭ്രൂണം കുഴിച്ചിട്ടുവെന്ന് വ്യക്തമായത്.

കഴിഞ്ഞ മാസം 22 നാണ് ഭ്രൂണം കുഴിച്ചിട്ടത്. കണ്ടെത്തിയ ഭ്രൂണ അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനക്കയച്ചു. കേസിലെ നിർണയ ക തെളിവാണ് കണ്ടെത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. വീട്ടുവളപ്പിൽ നിന്ന് തന്നെയാണ് ഭ്രൂണം കണ്ടെത്തിയത്. ഇതിന് മൂന്ന് മാസം വളർച്ചയുള്ളതായി കരുതുന്നു. ഇതോടെ ഗർഭഛിദ്രം നടത്തിയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അടക്കമുള്ളവർക്കെതിരെ അന്വേഷണം നടത്തുന്നതിന് പൊലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചു.

കേസിൽ കുട്ടിയുടെ അമ്മയെ പ്രതിചേർത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കൂടുതൽ തെളിവുകൾ ലഭിക്കേണ്ടതുണ്ടെന്നാണ് പൊലീസ് വിശദീകരണം. മദ്രാസാധ്യാപകനായ അച്ഛനുൾപ്പെടെ ഏഴ് പേർ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പെൺകുട്ടി മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകിയത്. അച്ഛനുൾപ്പെടെ അഞ്ച് പേർ ഇതുവരെ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

പെൺകുട്ടിയുടെ ബന്ധുവി‍ന്‍റെ സുഹൃത്തായ ഒരാളെ കൂടി പിടികൂടാനുണ്ട് .ഇയാൾക്കായി അന്വേഷണം ഊർജജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിക്ക് ചികിത്സ നടത്തിയ കാഞ്ഞങ്ങാട്ടേയും നീലേശ്വരത്തേയും ആശുപത്രികളിൽ പരിശോധന നടത്തുമെന്നാണ് സൂചന. ഇതിന് ശേഷമാകും ഡോക്ടർക്കെതിരെ കൂടുതൽ നടപടികളിലേക്ക് കടക്കുക. നിലവിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ് പെൺകുട്ടിയുള്ളത്.