കാന്തപുരത്തിൻ്റെ ഇടപെടൽ വലിയ പ്രത്യാശ നൽകുന്നതാണെന്ന് ശശി തരൂർ എംപി.
ദില്ലി: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നടത്തുന്ന ഇടപെടലിനെ പുകഴ്ത്തി ശശി തരൂർ എംപി. കാന്തപുരത്തിൻ്റെ ഇടപെടൽ വലിയ പ്രത്യാശ നൽകുന്നതാണ്. ഈ ശ്രമം വിജയിക്കാൻ കേരളം മുഴുവൻ പ്രാർത്ഥിക്കുന്നു. മതത്തിൻ്റെ പേരിൽ ആളുകളെ വിഭജിക്കാൻ ശ്രമം നടക്കുമ്പോൾ കാന്തപുരം നൽകിയത് ശക്തമായ സന്ദേശമാണെന്നും ശശി തരൂർ എന്‍ഡിടിവിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. യോജിച്ച ശക്തമായ നയതന്ത്ര ഇടപെടലാണ് നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടതെന്നും മോചനത്തിനായി കേന്ദ്ര സർക്കാരും സംഘടനകളും പരമാവധി ശ്രമിക്കുന്നുണ്ടെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
അതേസമയം, നിമിഷ പ്രിയയുടെ മോചനത്തില്‍ ശുഭപ്രതീക്ഷയിലാണെന്ന് മധ്യസ്ഥ സംഘം അറിയിച്ചു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ ഇന്നലെ വീണ്ടും കണ്ടു. ഗോത്ര തലവന്മാരുമായും ചർച്ച നടത്തി. തുടർ ചർച്ചകളിലൂടെ ധാരണയിൽ എത്താം എന്നാണ് പ്രതീക്ഷയെന്നും മധ്യസ്ഥ സംഘം അറിയിക്കുന്നു. എന്നാല്‍, നിമിഷ പ്രിയക്ക് മാപ്പ് നൽകില്ലെന്നാണ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ ഇന്നലെ അറിയിച്ചത്. നേരത്തെ തന്നെ മാപ്പില്ലെന്ന് വ്യക്തമാക്കിയിരുന്ന സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഇപ്പോൾ, ഒരു തരത്തിലുമുള്ള സമ്മർദ്ദത്തിനും വഴങ്ങില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുകയായിരുന്നു.
വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു ഉത്തരവ് ഇറങ്ങിയതിന് പിറകെയാണ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹ്‌ദിയുടെ പരസ്യ പ്രതികരണം പുറത്തുവന്നത്. നടന്നത് ക്രൂര കൊലപാതകം ആണെന്നും, കുറ്റം തെളിഞ്ഞ കേസിൽ ശിക്ഷാ വിധി നടപ്പിലാക്കണമെന്നുമാണ് ആവശ്യം. വധശിക്ഷക്ക് അപ്പുറം ഒരു ഒത്തുതീർപ്പും ഇല്ലെന്നും സഹോദരൻ വ്യക്തമാക്കി.
കൊലപാതകം മാത്രമല്ല വർഷങ്ങൾ നീണ്ട നിയമ നടപടികളും കുടുംബത്തെ പ്രയാസത്തിലാക്കി. ഇന്ത്യൻ മാധ്യമങ്ങൾ കാര്യങ്ങളെ വളച്ചൊടിക്കാനും, മറച്ചു വെക്കാനും ശ്രമിക്കുന്നെന്നും വിമർശനം. എത്ര തർക്കം ഉണ്ടായാലും ക്രൂരമായ കൊലപാതത്തിന് ന്യായീകരണമല്ലെന്നും സഹോദരൻ പറഞ്ഞു. വധ ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചതിന് മുൻപാണ് ബിബിസിയോടുള്ള പ്രതികരണം. വധശിക്ഷ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യമനിൽ ഒരു വിഭാഗം പ്രചാരണം നടത്തുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ അടക്കം നടക്കുന്ന ഈ പ്രചാരണം കുടുംബത്തെ സ്വാധീനിക്കുമോ എന്നാണ് ആശങ്ക.


