Asianet News MalayalamAsianet News Malayalam

നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിൽ പോകാൻ ദില്ലി ഹൈക്കോടതി അനുമതി നൽകി

മകളുടെ ജീവൻ രക്ഷിക്കാൻ പോകാൻ അനുമതി തേടുമ്പോൾ മന്ത്രാലയം അത് തടയുന്നത് എന്തിന് എന്ന് കോടതി

Nimishapriya mother given permission to go Yemen by Delhi High court kgn
Author
First Published Dec 12, 2023, 4:18 PM IST

ദില്ലി: യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ അമ്മയ്ക്ക് ആശ്വാസ വിധിയുമായി ദില്ലി ഹൈക്കോടതി. മകളെ യെമനിൽ പോയി സന്ദര്‍ശിക്കാനുള്ള അനുവാദം തേടി അമ്മ സമര്‍പ്പിച്ച ഹര്‍ജിയിൽ ഹൈക്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനായി നടപടികള്‍ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. മകളുടെ ജീവൻ രക്ഷിക്കാൻ പോകാൻ അനുമതി തേടുമ്പോൾ മന്ത്രാലയം അത് തടയുന്നത് എന്തിനാണെന്ന് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി ചോദിച്ചു. വാദത്തിനിടെ അനുമതി നൽകുന്നതിനെ വിദേശകാര്യ മന്ത്രാലയം എതിര്‍ത്തിരുന്നു. എന്നാൽ ഇത് കണക്കിലെടുക്കാതെയാണ് ഹൈക്കോടതി ഉത്തരവിട്ടത്.

യമനിലേക്കുള്ള യാത്ര അനുമതി തേടിയാണ് അമ്മ പ്രേമകുമാരി ഹൈക്കോടതിയെ സമീപിച്ചത്. യമനിൽ പ്രേമകുമാരിയെ സഹായിക്കാൻ സന്നദ്ധത അറിയിച്ച തമിഴ്നാട് സ്വദേശി സാമുവേൽ ജെറോമിന്റെ വിവരങ്ങൾ നിമിഷയുടെ അമ്മയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഒപ്പം  അമ്മക്കൊപ്പം യാത്ര ചെയ്യാൻ സന്നദ്ധത അറിയിച്ച രണ്ട് മലയാളികളുടെ വിവരങ്ങളും ധരിപ്പിച്ചു. ഇവരോട് വിശദമായ സത്യവാങ്മൂലം നൽകാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. ഇത് ലഭിച്ച ശേഷമാണ് കോടതി ഉത്തരവ്.

നേരത്തെ ഇന്ത്യക്കാർക്ക് യമനിലേക്ക് യാത്രാ അനുമതി ഇല്ലെന്ന് നിലപാട് അറിയിച്ച കേന്ദ്രം ഇക്കാര്യം പിന്നീട് കോടതിയിൽ തിരുത്തിയിരുന്നു. വർഷങ്ങളായി യമനിൽ ബിസിനസ് നടത്തുന്ന ഇന്ത്യക്കാർക്ക് യാത്രാനുമതി നൽകാറുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. കോടതിയുടെ കരുണയിലാണ് നിമിഷയുടെ ജീവിതമെന്നായിരുന്നു പ്രേമകുമാരിയുടെ അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ കോടതിയിൽ പറഞ്ഞത്.

നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി ശ്രമിക്കാനായി നേരിട്ട് യമനിലേക്ക് പോകണമെന്ന നിമിഷ പ്രിയയുടെ അമ്മയുടെ ആവശ്യം പുനഃപരിശോധിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടതോടെയാണ് പ്രേമകുമാരി കോടതിയെ സമീപിച്ചത്. യെമനിലെ ആഭ്യന്തര സാഹചര്യങ്ങള്‍ കാരണം എംബസി ജിബൂട്ടിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ സഹായത്തിന് നയതന്ത്ര പ്രതിനിധികൾ ഇല്ലെന്നും സുരക്ഷാ വിഷയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തൽക്കാലം യാത്ര ചെയ്യരുതെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്. നിമിഷപ്രിയയുടെ കുടുംബം യെമെന്‍ സന്ദര്‍ശിച്ചാല്‍ അവിടുത്തെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന്‌ വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ തനുജ് ശങ്കര്‍, പ്രേമകുമാരിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കുയിരുന്നു. എന്നാൽ ഹൈക്കോടതി കൃത്യമായ നിലപാടെടുത്തതോടെ ഇനി പ്രേമകുമാരിക്ക് ആവശ്യമായ സൗകര്യങ്ങള്‍ യെമനിൽ ഒരുക്കാൻ വിദേശകാര്യ മന്ത്രാലയം തയ്യാറാകേണ്ടി വരും.

ഏഷ്യാനെറ്റ് ന്യൂസ്

Latest Videos
Follow Us:
Download App:
  • android
  • ios