കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ച മങ്കട സ്വദേശിയായ 18കാരിക്ക് നിപയെന്ന് സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം. മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു. മരണ ശേഷമാണ് ഇവർക്ക് നിപയാണെന്ന് സ്ഥിരീകരിച്ചത്. കേരളത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിലും പുണെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലും രോഗബാധ സ്ഥിരീകരിച്ചു. 

കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 43 പേരാണ് കോഴിക്കോട് ജില്ലയിലുള്ളത്. ഇവരെല്ലാം ആരോഗ്യപ്രവർത്തകരാണ്. ഇവർക്ക് പൊതുജനങ്ങളുമായി സമ്പർക്കമുണ്ടായിട്ടില്ല. അതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. പാലക്കാട്ടെ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരുന്നു. രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ മാസം 25, 26 തീയതികളിലാണ് നിപ ബാധിച്ച രണ്ട് പേര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ഈ പ്രദേശങ്ങളില്‍ നിന്ന് 3 ആഴ്ച മുമ്പ് തൊട്ടുള്ള വിവരങ്ങള്‍ ശേഖരിക്കും. ഇവിടങ്ങളില്‍ നിശ്ചിത കാലയളവില്‍ മസ്തിഷ്‌ക ജ്വരമോ ന്യൂമോണിയയോ ബാധിച്ച് ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം.

YouTube video player