വ്യാപകമായി പടര്‍ന്നു പിടിക്കുന്ന രോഗമെന്ന നിലയിൽ  നിപയെ കാണേണ്ടതില്ലെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് ഡോ എൻ സുൽഫി 

തിരുവനന്തപുരം: കൊച്ചി സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് നിപ രോഗ ബാധ സ്ഥിരീകരിച്ചെങ്കിലും ഉറവിടം കണ്ടെത്തൽ വിവിധ വകുപ്പുകളെ സംബന്ധിച്ച് വെല്ലുവിളിയാണ്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഫലപ്രദമായി നടക്കുന്നുണ്ട്. വലിയൊരു തരത്തിൽ രോഗവ്യാപനമുണ്ടാകില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ വിലയിരുത്തുന്നതും. എന്നാൽ രോഗം എവിടെനിന്ന് വന്നു എന്നത് സംബന്ധിച്ച് കൃത്യമായ വിവര ശേഖരണം വെല്ലുവിളി തന്നെയാണെന്നാണ് ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് ഡോ എൻ സുൾഫി പറയുന്നത്. 

തൊടുപുഴയിലെ വിദ്യാര്‍ത്ഥിക്ക് നിപ വൈറസ് എവിടെ നിന്ന് കിട്ടി എന്ന കാര്യത്തിലാണ് വ്യക്തത വരേണ്ടത്. വവ്വാലിൽ നിന്നാണോ അതോ മറ്റേതെങ്കിലും വ്യക്തിയിൽ നിന്നാണോ എന്ന കാര്യത്തിലൊന്നും തീര്‍പ്പില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കേന്ദ്രത്തിൽ നിന്നും കേരളത്തിൽ നിന്നും ഉള്ള വിദഗ്ധരുടെ സംഘം ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ നടത്തുന്നുണ്ട്.

ഉറവിടം കണ്ടെത്തൽ പ്രയാസമായതു കൊണ്ടു തന്നെ ഏത് സാഹചര്യത്തിലും എപ്പോൾ വേണമെങ്കിലും കേരളത്തിൽ നിപ ഉണ്ടാകാമെന്ന തിരിച്ചറിവാണ് വേണ്ടതെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്. വിദഗ്ധ ചികിത്സ ലഭ്യമാക്കാനും രോഗ പ്രതിരോധ മേഖലയിൽ ഫലപ്രദമായി ഇടപെടാനും കേരളം സജ്ജമാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വിശദീകരിക്കുന്നു.

കേന്ദ്രസംഘത്തിന്‍റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടുന്നില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജയും പറഞ്ഞു. അവർ സ്വതന്ത്രമായി പ്രവർത്തിച്ച് നിപയുടെ ഉറവിടം കണ്ടെത്തുമെന്നാണ് പ്രതീക്ഷ. രോഗം കണ്ടെത്തിയ പ്രദേശത്ത് റാപ്പിഡ് ആക്ഷൻ ഫോഴ്സ് പോലെ പോയി ഉറവിടം കണ്ടെത്താനാവില്ല. രണ്ടോ മൂന്നോ പേരുടെ ചെറുസംഘങ്ങളായാണ് ആ പ്രവ‍ർത്തനം നടക്കുന്നത്. ഡങ്കി, മഞ്ഞപ്പിത്തം ഒക്കെ പറയുമ്പോലെ നിപയുടെ കൃത്യം പ്രഭവകേന്ദ്രം കണ്ടെത്താൻ ബുദ്ധിമുട്ടാണ്. കഴിഞ്ഞ തവണ ആദ്യം രോഗബാധിതനായ ആൾ മരിച്ചുപോയിരുന്നു. എന്നാൽ ഇത്തവണ രോഗബാധിതനായ വിദ്യാർത്ഥിയുടെ നില മെച്ചപ്പെടുന്നതോടെ പ്രഭവകേന്ദ്രം മനസിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.