നിപ വ്യാപനത്തില്‍ ഹൈക്കോടതി; 'ശബരിമല തീർത്ഥാടകർക്കായി ആവശ്യമെങ്കിൽ മാർഗനിർദ്ദേശം പുറപ്പെടുവിക്കണം'
കോഴിക്കോട് ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെ കണ്ടെത്തിയെന്നും സർക്കാർ കോടതിയെ അറിയിച്ചു.

കൊച്ചി: നിപ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ ശബരിമല തീർത്ഥാടകർക്കായി ആവശ്യമെങ്കിൽ മാർഗനിർദ്ദേശം പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി. കന്നിമാസ പൂജക്കായി മറ്റന്നാൾ നട തുറക്കാനിരിക്കെയാണ് കോടതിയുടെ നിർദേശം. ദേവസ്വം കമ്മീഷണറുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി ആരോഗ്യ സെക്രട്ടറിക്ക് നിർദേശം നൽകി. കോഴിക്കോട് ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെ കണ്ടെത്തിയെന്നും സർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം, ഇന്ന് ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിൽ നിപ ബാധിച്ചവരുടെ എണ്ണം നാലായി. ആദ്യ രോഗിയുമായി ആശുപത്രിയിൽ വെച്ച് സമ്പർക്കമുണ്ടായ ഫറോക്ക് ചെറുവണ്ണൂർ സ്വദേശിയായ 39 കാരനാണ് ഇന്ന് നിപ സ്ഥിരികരിച്ചത്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ്. മെഡിക്കൽ കോളജ് വാർഡിൽ ചികിത്സയിലാണ് ഇദ്ദേഹം. പ്രതിരോഗ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ സർവ്വകക്ഷി യോഗം തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് കളക്ടേറ്റേറ്റിൽ നാല് മന്ത്രിമാരുടെയും സാന്നിധ്യത്തിലാണ് സർവ്വകക്ഷിയോഗം ചേർന്നത്. രോഗബാധിയ മേഖലയിലെ പഞ്ചായത്ത് ഭാരവാഹികളുടെ യോഗവും ചേർന്നു.
അതിനിടെ, കേന്ദ്രസംഘം മരുതോങ്കരയും ആയഞ്ചേരിയും സന്ദർശിക്കുന്നുണ്ട്. മെഡിക്കൽ കോളജിലെ പ്രത്യേകം തയ്യാറാക്കിയ വാർഡുകളും സന്ദർശിക്കുന്നുണ്ട്. ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരൻ വെന്റിലേറ്ററിൽ തുടരുകയാണ്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ തുടരുന്ന കാര്യവും പരിഗണനയിലാണ്.