Asianet News MalayalamAsianet News Malayalam

'സർക്കാർ നിപ അഴിച്ചുവിട്ടു' പ്രചാരണം; നിപയേക്കാൾ വിനാശകരമായ വെറുപ്പിന്റെ പ്രചാരകർ, കരുതിയിരിക്കണമെന്ന് മന്ത്രി

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പിന്റെ മുന്‍കൈയില്‍ ജനങ്ങളാകെ പങ്കാളികളായ വിപുലമായ പ്രവര്‍ത്തനമാണ് കോഴിക്കോട് നടക്കുന്നതെന്ന് എം ബി രാജേഷ്. 

nipah virus mb rajesh against social fake news joy
Author
First Published Sep 17, 2023, 5:04 PM IST

തിരുവനന്തപുരം: നിപ കാലത്ത് സോഷ്യല്‍മീഡിയകളില്‍ വ്യാജപ്രചരണം നടത്തുന്നവരെ കരുതിയിരിക്കണമെന്ന് മന്ത്രി എംബി രാജേഷ്. 'രാഷ്ട്രീയ മുതലെടുപ്പിനായി സര്‍ക്കാര്‍ നിപ്പ അഴിച്ചുവിട്ടു' എന്നുപോലും ആരോപിക്കാനാകുന്ന മാനസികാവസ്ഥയിലേക്ക് ഈ ദുരന്തമുഖത്തും ചിലരെത്തിയെന്ന് എംബി രാജേഷ് പറഞ്ഞു. മലയാളികള്‍ നിപയും കൊവിഡും പ്രളയവും കൂട്ടായ പരിശ്രമങ്ങളിലൂടെ മറികടന്ന ജനതയാണ്. ഏത് ദുരന്തത്തെയും ജനങ്ങളുടെ കൂട്ടായ്മ കൊണ്ട് അതിജീവിക്കാനാവുമെന്ന് തെളിയിച്ചതാണ്. ദുരന്തമുഖത്തെ ഇത്തരം ഒറ്റുകാരെയും നുണപ്രചാരകരെയും എന്നും ഒറ്റപ്പെടുത്തിയാണ് ശീലം. നിപ്പയ്‌ക്കൊപ്പം, വെറുപ്പിന്റെ വക്താക്കളുടെ നുണ പ്രചരണങ്ങളും കേരളത്തിന് മറികടക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. മന്ത്രിമാരായ വീണാ ജോര്‍ജിനും മുഹമ്മദ് റിയാസിനുമെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെയും രാജേഷ് രംഗത്തെത്തി. 

എംബി രാജേഷ് പറഞ്ഞത്: ''നിപയ്‌ക്കെതിരെ പോരാട്ടം തുടരുമ്പോഴും, വൈറസിനേക്കാള്‍ വിനാശകരമായ വെറുപ്പിന്റെ പ്രചാരകരെയും നാം കരുതിയിരിക്കണം. 'രാഷ്ട്രീയ മുതലെടുപ്പിനായി സര്‍ക്കാര്‍ നിപ്പ അഴിച്ചുവിട്ടു' എന്നുപോലും ആരോപിക്കാനാകുന്ന മാനസികാവസ്ഥയിലേക്ക് ഈ ദുരന്തമുഖത്തും ചിലരെത്തി. ഐ സി എം ആര്‍ മാനദണ്ഡപ്രകാരം നിപ സ്ഥിരീകരിക്കാന്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനേ കഴിയൂ എന്ന് ആരോഗ്യമന്ത്രി പറഞ്ഞ ശേഷവും, ചില സ്ഥാപിത താല്‍പര്യക്കാരും സൈബറിടത്തെ നുണപ്രചാരകരും വ്യാജപ്രചാരണവുമായിറങ്ങി. ജില്ലയുടെ ചുമതലയുള്ള മന്ത്രി മുഹമ്മദ് റിയാസ് യോഗങ്ങളില്‍ പങ്കെടുക്കുന്നതിനെയും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നതിനെയും എത്ര തരംതാണ രീതിയിലാണ് ഒരു കൂട്ടര്‍ ചിത്രീകരിച്ചത്. ''

''മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പിന്റെ മുന്‍കൈയില്‍ ജനങ്ങളാകെ പങ്കാളികളായ വിപുലമായ പ്രവര്‍ത്തനമാണ് കോഴിക്കോട് നടക്കുന്നത്. ആ ജില്ലയുടെ ചുമതലയുള്ള മന്ത്രി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു എന്നത് എന്തോ അപരാധമാണെന്ന നിലയില്‍ ചിത്രീകരിക്കുന്നത് നിക്ഷിപ്ത രാഷ്ട്രീയ താത്പര്യങ്ങള്‍ കൊണ്ട് മാത്രമാണ്. ആദ്യ കേസ് തന്നെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച ആരോഗ്യ വകുപ്പിനെയും നയിക്കുന്ന മന്ത്രി വീണാ ജോര്‍ജിനെയും ഏതൊക്കെ രീതിയിലാണ് ആക്രമിക്കുന്നതെന്ന് നോക്കൂ. നിപ ആവര്‍ത്തിക്കുന്നതിന് കാരണം ശാസ്ത്രജ്ഞന്മാര്‍ക്കും ആരോഗ്യവിദഗ്ധര്‍ക്കും അറിയില്ലെങ്കിലും, വകുപ്പിന്റെ വീഴ്ച കൊണ്ടാണെന്ന് ചിലര്‍ പ്രഖ്യാപിക്കുന്നു, നുണയുടെ ഈ പാഠങ്ങള്‍ വാട്ട്‌സാപ്പ് യൂണിവേഴ്‌സിറ്റിയില്‍ പരത്തുന്നു. സനത് ജയസൂര്യയുടെ പേജില്‍ വ്യാജപ്രൊഫെയിലുകളും പ്രത്യക്ഷത്തില്‍ തന്നെ ഇടതുവിരുദ്ധത പ്രചരിപ്പിക്കുന്നവരുമിട്ട ഒന്നോ രണ്ടോ കമന്റിന്റെ പേരില്‍ 'സൈബറാക്രമണം' എന്ന് കൊട്ടിഘോഷിച്ചവരും, സൈബറിടത്തെ ഈ ആക്രമണങ്ങള്‍ കാണുന്നില്ല എന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്. വെറുപ്പ് വ്യാപിപ്പിക്കാനുള്ള ഈ ശ്രമങ്ങളെ താലോലിച്ച് പ്രോത്സാഹിപ്പിക്കുകയാണ് ഇവരും. നമ്മള്‍ മലയാളികള്‍ നിപയും കോവിഡും പ്രളയവുമെല്ലാം കൂട്ടായ പരിശ്രമങ്ങളിലൂടെ മറികടന്ന ഒരു ജനതയാണ്. ഏത് ദുരന്തത്തെയും ജനങ്ങളുടെ കൂട്ടായ്മ കൊണ്ട് അതിജീവിക്കാനാവുമെന്ന് നാം പലവട്ടം തെളിയിച്ചു. ദുരന്തമുഖത്തെ ഇത്തരം ഒറ്റുകാരെയും നുണപ്രചാരകരെയും എന്നും ഒറ്റപ്പെടുത്തിയാണ് നമുക്ക് ശീലം. നിപ്പയ്‌ക്കൊപ്പം, വെറുപ്പിന്റെ വക്താക്കളുടെ ഈ നുണ പ്രചരണങ്ങളും  കേരളത്തിന് മറികടക്കേണ്ടതുണ്ട്. ഒരുമിച്ച് നില്‍ക്കാന്‍, കൂട്ടായി പ്രവര്‍ത്തിക്കാന്‍, ഈ പ്രതിസന്ധിയെയും അതിജീവിക്കാം നമുക്ക് ജാഗ്രത പുലര്‍ത്താം.''

കോടികളുടെ വമ്പന്‍ ലഹരിവേട്ട, പിടിച്ചെടുത്തവയില്‍ പുതിയയിനം ലഹരിയും, പിടിയിലായവരില്‍ മലയാളികളും 
 

Follow Us:
Download App:
  • android
  • ios