ദില്ലി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമർപ്പിച്ച ഹർജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. ഹർജി ഫയലില്‍ സ്വീകരിച്ച കോടതി, പ്രതികൾക്ക് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു.

പവന്‍ ഗുപ്ത നല്‍കിയ ദയാഹർജി രാഷ്ട്രപതി തള്ളിയതിനെ തുടർന്നാണ് പ്രോസിക്യൂഷന്‍ വീണ്ടും കോടതിയെ സമീപിച്ചത്. പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ ദിവസം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് നിർഭയയുടെ കുടുംബവും വ്യക്തമാക്കി. നിയമപരമായ എല്ലാ അവകാശങ്ങളും പ്രതികൾ ഉപയോഗിച്ചു കഴിഞ്ഞെന്നും ഇനി നിശ്ചയിക്കുന്ന ദിവസം ശിക്ഷ നടപ്പാവുമെന്നാണ് പ്രതീക്ഷയെന്നും കുടുംബത്തിന്‍റ അഭിഭാഷക സീമ ഖുശ്വഹ പറഞ്ഞു.