കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകില്ല. പാലായില്‍ നിന്നുള്ള കേരളാ കോണ്‍ഗ്രസ് എം നേതാവായിരിക്കും സ്ഥാനാര്‍ത്ഥിയെന്ന് യുഡിഎഫ് ഉപസമിതി അറിയിച്ചു.

കരിങ്ങോഴക്കല്‍ കുടുംബത്തില്‍ നിന്ന് ആരെയും സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്ന് ജോസ് കെ മാണി യുഡിഎഫ് ഉപസമിതിയോട് പറഞ്ഞതായി കേരളാ കോണ്‍ഗ്രസ് നേതാവ് തോമസ് ചാഴിക്കാടന്‍ അറിയിച്ചു. കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് നിയോഗിച്ച ഉപസമിതിയുടെ കണ്‍വീനറാണ് തോമസ് ചാഴിക്കാടന്‍.

സ്ഥാനാര്‍ത്ഥി ആരെന്ന് തീരുമാനമായിട്ടുണ്ട്. യുഡിഎഫ് ഉപസമിതി ആ പേര് ജോസ് കെ മാണിയോട് പറഞ്ഞിട്ടുണ്ട്. അത് അദ്ദേഹം യുഡിഎഫിനെ അറിയിക്കും. പി ജെ ജോസഫ് സമ്മർദ്ദം ചെലുത്തിയതുകൊണ്ടല്ല നിഷയെ സ്ഥാനാർത്ഥിയാക്കാത്തതെന്നും തോമസ് ചാഴിക്കാടന്‍ പറഞ്ഞു. 

നിഷയെയോ തന്നെയോ മത്സരിപ്പിക്കേണ്ടെന്ന് നേരത്തെ യുഡിഎഫിനോട് പറഞ്ഞിരുന്നതായി ജോസ് കെ മാണി പ്രതികരിച്ചു.