ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരെ ശകാരിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്‍കരി. കേരളം മുന്നോട്ടു വച്ച നിർദ്ദേശത്തിൽ തീരുമാനം വൈകുന്നതിനാണ് ഉദ്യോഗസ്ഥരെ ശകാരിച്ചത്.

ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് വരുന്ന അധികച്ചെലവില്‍ ഒരു വിഹിതം ഏറ്റെടുക്കാമെന്ന ശുപാര്‍ശ കേരളം നല്‍കിയിരുന്നു. ഇതില്‍ തീരുമാനം വൈകുന്നതിനാണ് ഉദ്യോഗസ്ഥരെ കേന്ദ്രമന്ത്രി ശകാരിച്ചത്. ഉടൻ ഉത്തരവ് ഇറക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് ഗഡ്കരി താക്കീത് നല്‍കി. ഇതേ ആവശ്യമുന്നയിച്ച്  മുഖ്യമന്ത്രിയെ വീണ്ടും വരുത്തിയതിൽ ലജ്ജിക്കുന്നു. ഉദ്യോഗസ്ഥരുടെ അഴിമതി തനിക്കറിയാം. ബുൾഡോസർ കയറ്റിയിറക്കിയാലേ ഉദ്യോഗസഥർ പഠിക്കുകയുള്ളോ എന്നും ക്ഷുഭിതനായി ഗഡ്കരി ചോദിച്ചു.