Asianet News MalayalamAsianet News Malayalam

'നിതിനമോളെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല', കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്തി അഭിഷേക്

അതേസമയം കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചായിരുന്നില്ല താൻ വന്നതെന്നാണ് അഭിഷേക് പറഞ്ഞത്. കത്തി കൊണ്ടുവന്നത് സ്വന്തം കൈഞരമ്പ് മുറിച്ച് നിതിനമോളെ ഭയപ്പെടുത്താനായിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു

Nithinamol murder Abhishek statement Police Pala St Thomas College
Author
Kottayam, First Published Oct 1, 2021, 2:05 PM IST

കോട്ടയം: പാലാ സെന്റ് തോമസ് കോളേജിൽ നടന്ന അതിക്രൂരമായ കൊലപാതകത്തിന് പിന്നാലെ കുറ്റസമ്മതം നടത്തി പ്രതി അഭിഷേക്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അഭിഷേകിന്റെ മൊഴി. രണ്ട് വർഷമായി താനും നിതിനമോളും പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ നിതിനമോൾ ബന്ധത്തിൽ അകൽച്ച കാണിച്ചതാണ് വൈരാഗ്യത്തിന് കാരണമായതെന്നും അഭിഷേക് പറഞ്ഞു.

'നിതിനയുടെ കഴുത്തിൽ വെട്ടുന്നത് കണ്ടു, ഭയന്നുപോയി'; അഭിഷേക് രക്ഷപ്പെടാൻ ശ്രമിച്ചില്ല, നിർണായക മൊഴി

അതേസമയം കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചായിരുന്നില്ല താൻ വന്നതെന്നാണ് അഭിഷേക് പറഞ്ഞത്. കത്തി കൊണ്ടുവന്നത് സ്വന്തം കൈഞരമ്പ് മുറിച്ച് നിതിനമോളെ ഭയപ്പെടുത്താനായിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് നിതിനമോളെ കഴുത്തറുത്ത് അഭിഷേക് കൊലപ്പെടുത്തിയത്.

പാലാ സെന്റ് തോമസ് കോളേജിൽ മൂന്നാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥികളായ അഭിഷേകും നിതിനയും പരീക്ഷയെഴുതാൻ വന്നതായിരുന്നു. പരീക്ഷയ്ക്ക് ശേഷം രണ്ടുപേരും കോളേജ് ഗ്രൗണ്ടിൽ നിൽക്കുന്നത് പലരും കണ്ടിരുന്നു. ക്രൂരമായ കൊലപാതകം നേരിൽ കണ്ടത് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ ജോസാണ്. അഭിഷേക് നിതിനയുടെ കഴുത്തിൽ വെട്ടുന്നത് കണ്ടെന്നും ഭയന്നുപോയെന്നുമാണ് ഇദ്ദേഹത്തിന്റെ മൊഴി. വിവരം താൻ അപ്പോൾ തന്നെ പ്രിൻസിപ്പലിനെ അറിയിച്ചെന്നും ഇദ്ദേഹം പൊലീസിനോടും ഏഷ്യാനെറ്റ് ന്യൂസിനോടും പറഞ്ഞു.

നിതിനയെ കൊന്നത് കഴുത്തറുത്ത്, ഉപയോഗിച്ചത് 'ഓഫീസ് കത്തി'; രക്തംവാർന്നു പോകുന്നത് നോക്കിനിന്ന് അക്രമി

ഇതോടെ കേസിൽ അഭിഷേകിനെതിരായ ഏറ്റവും പ്രധാന മൊഴിയും ഇതാകുമെന്നാണ് നിഗമനം. ആക്രമണം കണ്ട് താൻ ഭയന്നുവെന്നും എന്നാൽ പ്രതി രക്ഷപ്പെടാൻ ശ്രമിക്കാതെ അവിടെ തന്നെ നിൽക്കുകയായിരുന്നുവെന്നും മൊഴിയിലുണ്ട്. ഉടൻ തന്നെ പ്രിൻസിപ്പലിനെ വിവരമറിയിച്ചുവെന്നും ഇദ്ദേഹം പറഞ്ഞു. കോളേജ് അധികൃതരാണ് നിതിനയെ ആശുപത്രിയിലേക്ക് എത്തിച്ചത്. കോളേജ് ഗ്രൗണ്ടിൽ നിന്ന് ആശുപത്രിയിലെത്തിക്കുന്നത് വരെ നിതിനയ്ക്ക് ജീവനുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Follow Us:
Download App:
  • android
  • ios