തൃപ്പൂണിത്തുറ നഗരസഭയിലെ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്കെതിരെ എൽഡിഎഫും യുഡിഎഫും കൈകോർത്തു. ഈ ഐക്യത്തിലൂടെ ആറ് കമ്മിറ്റികളിൽ അഞ്ചും പ്രതിപക്ഷ സഖ്യം പിടിച്ചെടുത്തു
കൊച്ചി: നഗരസഭാ ഭരണം പിടിച്ചെടുത്ത് ശ്രദ്ധ നേടിയെങ്കിലും തൃപ്പൂണിത്തുറയിൽ ബി ജെ പിക്ക് വലിയ പ്രതിസന്ധിയായി മാറുകയാണ് യു ഡി എഫും എൽ ഡി എഫും ഒറ്റക്കെട്ടായുള്ള തന്ത്രം. സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ എൽ ഡി എഫും യു ഡി എഫും കൈകോർത്തതോടെ ബി ജെ പി ഭരണസമിതിക്ക് വൻ തിരിച്ചടിയാണ് നേരിട്ടത്. നിർണ്ണായകമായ ആറ് സ്റ്റാൻഡിങ് കമ്മിറ്റികളിൽ അഞ്ചും എൽ ഡി എഫ് - യു ഡി എഫ് കൂട്ടുകെട്ട് പിടിച്ചെടുത്തു. വികസനം, ക്ഷേമം, വിദ്യാഭ്യാസം എന്നീ സ്റ്റാൻഡിങ് കമ്മിറ്റികൾ എൽ ഡി എഫിന് ലഭിച്ചപ്പോൾ, പൊതുമരാമത്ത്, ആരോഗ്യം എന്നീ കമ്മിറ്റികൾ യു ഡി എഫ് സ്വന്തമാക്കി. ബി ജെ പിക്ക് ലഭിച്ചത് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി മാത്രമാണ്.
മുഖ്യ ശത്രുക്കളായ എൽ ഡി എഫും യു ഡി എഫും ബിജെപിയെ ഭരണത്തിൽ തളയ്ക്കാനായി ഒറ്റക്കെട്ടായി പ്രവർത്തിച്ചെന്ന വിമർശനവുമായി ബി ജെ പി നേതൃത്വം രംഗത്തെത്തി. ജനവിധിയെ ഇരു മുന്നണികളും ചേർന്ന് അവഹേളിക്കുകയാണെന്നും ജനാധിപത്യവിരുദ്ധമായ നീക്കമാണ് ഇതെന്നും ബി ജെ പി പ്രതികരിച്ചു. നഗരസഭ ഭരണം ബി ജെ പിക്ക് സുഗമമായിരിക്കില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ രാഷ്ട്രീയ കൂട്ടുകെട്ട്.
ബി ജെ പിയുടെ പ്രതികരണം
കേരളത്തിലും ഇൻഡി മുന്നണി യാഥാർത്ഥ്യമായിരിക്കുന്നു. ജനഹിതത്തെ അട്ടിമറിക്കാൻ തൃപ്പൂണിത്തുറ നഗരസഭയിൽ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനങ്ങൾ വീതംവെയ്ക്കാൻ എൽ ഡി എഫും യു ഡി എഫും തമ്മിൽ ധാരണയായിരിക്കുന്നു. ജമാഅത്തെ ഇസ്ലാമി, എസ് ഡി പി ഐ, പി ഡി പി തുടങ്ങിയ വർഗീയ ശക്തികളുടെ പിന്തുണ വാങ്ങുന്ന ഇരു കൂട്ടരും ബി ജെ പിക്ക് എതിരെ ഒന്നിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേരളത്തിലുടനീളം എൽ ഡി എഫ് - യു ഡി എഫ് അന്തർധാര സജീവമാക്കുന്നതിന് മുന്നോടിയായാണ് തൃപ്പൂണിത്തുറയിലെ ഈ ചങ്ങാത്തം. എൽ ഡി എഫും യു ഡി എഫും രണ്ടല്ല ഒന്നാണെന്ന് തിരിച്ചറിയുക. മതരാഷ്ട്ര സംഘടനകളുമായി ഇടതുവലതു മുന്നണികളുടെ ചങ്ങാത്തം കൂടിയാണ് ഇതിലൂടെ പുറത്താകുന്നത്. ഈ പ്രീണനത്തിന്‍റെ രാഷ്ട്രീയം കേരളത്തിന് മടുത്തുകഴിഞ്ഞു. വികസനത്തിന്‍റെ രാഷ്ട്രീയമാണ് ഇനി വേണ്ടത്, ബി ജെ പിക്ക് മാത്രമേ അതിന് സാധിക്കൂ. വികസിത കേരളം യാഥാർത്ഥ്യമാക്കാൻ ബി ജെ പിക്കൊപ്പം അണിചേരാം.


