Asianet News MalayalamAsianet News Malayalam

നിപ സ്ഥിരീകരിച്ചാല്‍ അമേരിക്കന്‍ നിര്‍മ്മിത മരുന്ന് കേരളത്തിലെത്തിക്കും

നിപ വൈറസിനെതിരെ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത എം.എ.ബി 120 എന്ന മരുന്ന് നിലവിലെ പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്. 

niv to share us invented medicine to kerala if nipah confirms
Author
Pune, First Published Jun 3, 2019, 9:40 PM IST

പൂണെ: കൊച്ചിയില്‍ നിപബാധ സംശയിച്ച് ചികിത്സയിലുള്ളു യുവാവിന്‍റെ രക്തപരിശോധനാഫലം കാത്തിരിക്കുകയാണ് കേരളം ഇപ്പോള്‍. ആലപ്പുഴയിലെ വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപയ്ക്ക് സമാനമായ വൈറസിന്‍റെ സാന്നിധ്യം യുവാവിന്‍റെ രക്തത്തില്‍ കണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് അടിയന്തരമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഐസിഎംആറിന് കീഴിലുള്ള പൂണെയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകായണ് ഇപ്പോള്‍ അധികൃതര്‍. 

മൂന്ന് സാംപിളുകളാണ് കൊച്ചിയില്‍നിന്നും ഇവിടെ എത്തിച്ചത്. മൂത്രം,ഉമിനീര്, ഒപ്പം മസ്തിഷകത്തിലും സുഷമനാഡിയിലും കാണപ്പെടുന്ന സെറിബ്രോ സ്പൈനല്‍ ഫ്ലൂയിഡ് എന്നിവയുടെ സാംപിളുകളാണ് ഇവിടെ എത്തിയിട്ടുള്ളത്. മൂന്ന് മുതല്‍ ആറ് മണിക്കൂര്‍ വരെ സമയം വേണ്ടി വരും വൈറസ് തിരിച്ചറിയാന്‍ എന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പറയുന്നത്. നിപ ബാധ സ്ഥിരീകരിക്കുന്ന പക്ഷം വൈറസ് കള്‍ച്ചര്‍ സംബന്ധിച്ച വിശദമായ പഠനത്തിലേക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് കടക്കും. ഇതുവഴി ഏത് തരത്തിലുള്ള നിപ വൈറസാണ് കേരളത്തില്‍ കാണുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. നേരത്തെ ബംഗ്ലാദേശിലും കോഴിക്കോടും നിപാ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഇവയുടെ താര്തമ്യപഠനം ഭാവിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണം ചെയ്യും. 

നിപ വൈറസിനെതിരെ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത എം.എ.ബി 120 എന്ന മരുന്ന് നിലവിലെ പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്ത ഈ മരുന്ന കഴിഞ്ഞ വര്‍ഷം കോഴിക്കോട് നിപ വൈറസ് വ്യാപനമുണ്ടായപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തിന് കൈമാറിയിരുന്നു. എന്നാല്‍ അപ്പോഴേക്കും കേരളത്തില്‍ നിപ മരണങ്ങള്‍ അവസാനിക്കുകയും രോഗം ബാധിച്ച രണ്ട് പേരുടെ ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ മരുന്ന് പൂണെയിലേക്ക് തന്നെ മടക്കി നല്‍കി. ഇപ്പോള്‍ ചികിത്സയിലുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയ്ക്ക് നിപ ബാധയുണ്ടെന്ന് പരിശോധനയില്‍ തെളിയുന്ന പക്ഷം ഈ മരുന്ന് വീണ്ടും കേരളത്തിന് കൈമാറും. 

Follow Us:
Download App:
  • android
  • ios