തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ധനമന്ത്രിയായിരുന്ന കെഎം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നിയമസഭയിലുണ്ടായ കൈയ്യാങ്കളി കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം സിജഎം കോടതി ഈ മാസം പതിനേഴിലേക്ക് മാറ്റി. കേസ് പിന്‍വലിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തില്‍ വിശദീകരണം കേള്‍ക്കാനാണ് കേസ് മാറ്റിയത്.

ഇന്ന് കോടതിയില്‍ കേസ് പരിഗണിക്കുന്നതിനിടെ സര്‍ക്കാര്‍ അഭിഭാഷകയും പ്രതികളുടെ അഭിഭാഷകനും തമ്മില്‍ തര്‍ക്കമുണ്ടായി. കേസ് പിന്‍വലിക്കുന്നതിനെ കുറിച്ച് പ്രതികളുടെ അഭിഭാഷകര്‍ വാദം ഉന്നയിക്കാന്‍ ശ്രമിച്ചപ്പോഴാണ് സര്‍ക്കാര്‍ അഭിഭാഷക എതിര്‍പ്പ് ഉന്നയിച്ചത്. കേസ് പിന്‍വലിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തെ കുറിച്ച് കോടതിയെ അറിയിക്കാനുളള ഉത്തരവാദിത്തം പ്രോസിക്യൂഷനാണെന്നും പ്രതികള്‍ക്ക് അതിനുളള അധികാരമില്ലെന്നും പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഭിഭാഷക ബീന  പറഞ്ഞു.

നിയമസഭയിലെ പൊതുമുതല്‍ നശിപ്പിച്ചതിന് ഇപ്പോഴത്തെ മന്ത്രിമാരായ ഇ.പി.ജയരാജന്‍,കെ.ടി.ജലീല്‍ എന്നിവര്‍ ഉള്‍പ്പെടെ കഴിഞ്ഞ സഭയിലെ ആറ് എല്‍ഡിഎഫ് എംഎല്‍എമാര്‍ക്കെതിരെയാണ് കേസ്. കേസ് പിന്‍വലിക്കാനുളള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയും കോടതിയുടെ മുന്നിലുണ്ട്.