Asianet News MalayalamAsianet News Malayalam

നിയമസഭയിലെ കയ്യാങ്കളി: ഇടത് നേതാക്കൾക്കെതിരായ കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യത്തിൽ വിധി 22 ന്

നിയമസഭയിലെ പൊതുമുതല്‍ നശിപ്പിച്ചതിന് ഇപ്പോഴത്തെ മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ ഉള്‍പ്പെടെ കഴിഞ്ഞ സഭയിലെ ആറ് എല്‍ഡിഎഫ് എംഎല്‍എമാര്‍ക്കെതിരെയാണ് കേസ്. 

niyamasabha clash case verdict on september 22
Author
Thiruvananthapuram, First Published Sep 17, 2020, 2:42 PM IST

തിരുവനന്തപുരം: കേരള നിയമസഭയിലുണ്ടായ കയ്യാങ്കളി സംബന്ധിച്ച കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യത്തിൽ ഈ മാസം 22 ന് വിധി. ഇടത് നേതാക്കൾ പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കണമെന്ന ആവശ്യത്തിലാണ് വിധി. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുക. അതേസമയം, പ്രതികളുടെ അഭിഭാഷകരുടെ വാദത്തെ വീണ്ടും പ്രോസിക്യൂഷൻ എതിർത്തു. കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതികളുടെ വിശദീകരണം ആവശ്യമില്ലെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പറഞ്ഞു.

2015 ൽ ആയിരുന്നു നിയമസഭയിലുണ്ടായ കയ്യാങ്കളിയെത്തുടർന്ന് അന്നത്തെ എംഎൽഎമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. നിയമസഭയിലെ പൊതുമുതല്‍ നശിപ്പിച്ചതിന് ഇപ്പോഴത്തെ മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ ഉള്‍പ്പെടെ കഴിഞ്ഞ സഭയിലെ ആറ് എല്‍ഡിഎഫ് എംഎല്‍എമാര്‍ക്കെതിരെയാണ് കേസ്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ കേസ് അവസാനിപ്പിക്കാൻ കോടതി അപേക്ഷ നൽകി. ഈ അപേക്ഷ നിലനിൽക്കുന്നതിനാൽ മറ്റു നടപടികൾ നിലച്ചിരിക്കുകയായിരുന്നു. കേസ് പിന്‍വലിക്കാനുളള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയും കോടതിയുടെ മുന്നിലുണ്ട്.

അന്ന് ധനമന്ത്രിയായിരുന്ന കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതിൽ നിന്ന് തടയാനുള്ള എൽഡിഎഫ് എംഎൽഎമാരുടെ ശ്രമങ്ങളാണ് നിയമസഭ അതിന് മുമ്പ് കാണാത്ത തരത്തിലുള്ള സംഭവങ്ങളിലേക്ക് വഴി വച്ചത്. പ്രതിഷേധങ്ങൾക്കിടെ സ്പീക്കറുടെ കസേരയും മൈക്കും കമ്പ്യൂട്ടറും ഉൾപ്പടെയുള്ളവ തകർന്നു. രണ്ടു ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നായിരുന്നു കുറ്റപത്രം.

Follow Us:
Download App:
  • android
  • ios