ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ളാന്‍റിലെ തീയും പുകയും.ഇതിനെത്തുടര്‍ന്ന് നടന്ന ചര്‍ച്ചകളുമാണ് കോഴിക്കോട് ഞെളിയന്‍പറന്പിലെ സാഹചര്യത്തിലേക്ക് വെളിച്ചം വീശിയത്. 

ഞെളിയന്‍പറമ്പ്: കോഴിക്കോട് ഞെളിയമ്പറമ്പിലെ മാലിന്യ സംസ്കരണ പദ്ധതിയുടെ കരാര്‍ സോണ്‍ട കന്പനിക്ക് നല്‍കിയ വിഷയത്തില്‍ കോര്‍പറേഷന്‍ ഇന്ന് നിലപാട് വിശദീകരിക്കും. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് കൗണ്‍സില്‍ യോഗം. കരാര്‍ റദ്ദാക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ളാന്‍റിലെ തീയും പുകയും.ഇതിനെത്തുടര്‍ന്ന് നടന്ന ചര്‍ച്ചകളുമാണ് കോഴിക്കോട് ഞെളിയന്‍പറന്പിലെ സാഹചര്യത്തിലേക്ക് വെളിച്ചം വീശിയത്. 

മാലിന്യങ്ങള്‍ തരംതിരിക്കുന്നതിനും മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിനുമുളള കരാര്‍ എടുത്ത സോണ്‍ട കന്പനി ഇതുവരെയുളള പ്രവര്‍ത്തനങ്ങളില്‍ വരുത്തിയ വീഴ്ചകള്‍ ഇതോടെ പുറത്തു വന്നു. ഞെളിയന്‍പറമ്പിലെ 12.67 ഏക്കര്‍ ഭൂമി കന്പനിക്ക് പാട്ടത്തിന് നല്‍കിയതടക്കമുളള കാര്യങ്ങളും പിന്നാലെ പുറത്തു വന്നു. ഇതോടെയാണ് പദ്ധതിയെ ക്കുറിച്ച് കോര്‍പറേഷന്‍ വിശദീകരിക്കണമെന്നും വിവാദ കന്പനിയുമായുളള കരാറില്‍ നിന്ന് കോര്‍പറേഷന്‍ പിന്‍മാറണമെന്നുമുളള ആവശ്യം പ്രതിപക്ഷം ശക്തമാക്കിയത്. 

ഇന്നലെ ചേര്‍ന്ന കൗണ്‍സിലില്‍ ഞെളിയമ്പറമ്പ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാര്യങ്ങള്‍ പഠിച്ച ശേഷം വിശദീകരിക്കാമെന്ന് മേയര്‍ വ്യക്തമാക്കി.തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യുന്നത് ഇന്നത്തെ കൗണ്‍സിലിലേക്ക് മാറ്റുകയായിരുന്നു

സോണ്‍ട്ര കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കുന്നതില്‍ തീരുമാനം എടുക്കേണ്ടത് കൗണ്‍സിലാണെന്നാണ് മേയറുടെ നിലപാട്. കെഎസ്ഐഡിസിയുമായി കരാര്‍ വയ്ക്കാനിടയായ സാഹചര്യവും മേയര്‍ വിശദീകരിക്കും. മേയറുടെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് സാധ്യത.

അതേസമയം കൊച്ചിയില്‍ കോൺഗ്രസ് ഇന്ന് കോര്‍പ്പറേഷൻ ഓഫീസ് ഉപരോധിക്കും. ബ്രഹ്മപുരം വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടും നഗരസഭാ കൗൺസിൽ യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരെ പൊലീസ് തല്ലിച്ചതച്ചതിലും പ്രതിഷേധിച്ചാണ് ഉപരോധം.