Asianet News MalayalamAsianet News Malayalam

ഞെട്ടിത്തോട് ഉണ്ടായിരുന്നത് 8 മാവോയിസ്റ്റുകൾ, നിരവധി തവണ വെടിയുതിർത്തു: യുഎപിഎ ചുമത്തി കേസെടുത്തു

ആറളത്ത് വനം വച്ചർമാർക്ക് നേരെ വെടിയുതിർത്തത്തിനും കേളകം പഞ്ചായത്ത്‌ അംഗത്തെ മർദിച്ചതിനും ശേഷം മാവോയിസ്റ്റുകൾക്കായി വ്യാപക തെരച്ചിലാണ് പൊലീസ് നടത്തുന്നത്

Njettithodu Maoist attack police registers UAPA case kgn
Author
First Published Nov 13, 2023, 10:17 PM IST

കൽപ്പറ്റ: ഉരുപ്പുംകുറ്റി മാവോയിസ്റ്റ് ആക്രമണം നടന്നപ്പോൾ കാട്ടിൽ ഉണ്ടായിരുന്നത് 8 മാവോയിസ്റ്റുകളാണെന്ന് എഫ്ഐആർ. മാവോയിസ്‌റ്റുകൾക്കായി തെരച്ചിൽ നടത്തുകയായിരുന്ന പൊലീസ് സംഘത്തിന് നേരെ ഇവർ വെടിയുതിർത്തു. ഉരുപ്പുംകുറ്റി വനമേഖലയിലെ ഞെട്ടിത്തോട് എന്ന സ്ഥലത്തു വച്ചാണ് വെടിവയ്പ്പ് നടന്നതെന്നും രാവിലെ 9.30 നായിരുന്നു ആക്രമണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ തപോഷ് ബസുമതരി വ്യക്തമാക്കി. മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്ന് നിരവധി തവണ വെടിവയ്പ്പുണ്ടായെന്നും ഏറ്റുമുട്ടൽ നടന്ന ഞെട്ടിത്തോട് മാവോയിസ്റ്റുകൾ തമ്പടിച്ച ഷെഡുകളുണ്ടായിരുന്നുവെന്നും തീവ്രവാദ വിരുദ്ധ സേന ഡിഐജി പുട്ട വിമലാദിത്യ പറഞ്ഞു. സംഭവത്തിൽ യുഎപിഎ നിയമത്തിലെ വകുപ്പുകളടക്കം ചുമത്തി കേസെടുത്തു.

പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ മാവോയിസ്റ്റുകൾ എത്തിയിരുന്നു. നിരീക്ഷണം ശക്തമാക്കിയ തണ്ടർബോൾട്ട് രാവിലെ തെരച്ചിലിന് ഇറങ്ങിയപ്പോഴാണ് വെടിവയ്പ്പ് ഉണ്ടായത്. ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകൾ ഉൾക്കാട്ടിലേക്ക് പിൻവലിഞ്ഞു. മാവോയിസ്റ്റുകൾക്ക് വെടിയേറ്റുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇരിട്ടി മേഖലയിലെ ആശുപത്രികളിൽ പോലീസ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇരിട്ടി എ എസ് പി ക്കാണ് അന്വേഷണ ചുമതല.

കൂടുതൽ തണ്ടർബോൾട് സേനയെ വനത്തിൽ വിന്യസിച്ചിട്ടുണ്ട്. തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. സി പി മൊയ്‌തീൻറെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘമാണ് ആയാംകുടിയിൽ ഉണ്ടായിരുന്നതെന്ന് കരുതുന്നു. നാല് ദിവസം മുൻപ് അയ്യൻകുന്ന് വാളത്തോട് മാവോയിസ്റ്റുകളെത്തി ഭക്ഷണ സാധനങ്ങളുമായി പോയിരുന്നു. ആറളത്ത് വനം വച്ചർമാർക്ക് നേരെ വെടിയുതിർത്തത്തിനും കേളകം പഞ്ചായത്ത്‌ അംഗത്തെ മർദിച്ചതിനും ശേഷം മാവോയിസ്റ്റുകൾക്കായി വ്യാപക തെരച്ചിലാണ് പൊലീസ് നടത്തുന്നത്. ഇതിനിടെയാണ് ഇന്ന് വെടിവയ്പ്പുണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios