Asianet News MalayalamAsianet News Malayalam

പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; ക്രിമിനൽ കുറ്റം, മനുഷ്യത്വരഹിതം: എൻ കെ പ്രേമചന്ദ്രൻ എംപി

പരീക്ഷയുടെ നടത്തിപ്പ് നൽകിയ ഏജൻസികളുടെ വീഴ്ചയാണോയെന്ന കാര്യം പരിശോധിക്കണമെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു

NK Premachandran says Neet exam students inner removal row would be raised in Parliament
Author
Kollam, First Published Jul 18, 2022, 8:08 PM IST

കൊല്ലം: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രം അടക്കം അഴിപ്പിച്ച സംഭവം ക്രിമിനൽ കുറ്റമാണെന്ന് കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ. മനുഷ്യത്വ രഹിതമായ സമീപനമാണ് കൊല്ലത്ത് ഉണ്ടായത്. നേരത്തെയും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. പരീക്ഷയുടെ നടത്തിപ്പ് നൽകിയ ഏജൻസികളുടെ വീഴ്ചയാണോയെന്ന കാര്യം പരിശോധിക്കണമെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിഷേധം അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നിരുത്തരവാദപരമായ നടപടിയാണ് ഉണ്ടായതെന്നും മന്ത്രി വിമർശിച്ചു. വസ്ത്രമഴിപ്പിച്ച നടപടി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് മാനസിക സംഘർഷം ഉണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനെ രേഖാമൂലം പ്രതിഷേധം അറിയിക്കും. ഭാവിയിൽ ഇതുപോലുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ നടപടി എടുക്കണമെന്നും മന്ത്രി ആർ.ബിന്ദു ആവശ്യപ്പെട്ടു.

കൊല്ലം ആയൂരിലെ കോളേജിൽ പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രമാണ് ഉദ്യോഗസ്ഥര്‍ അഴിച്ചു പരിശോധിച്ചതായി പരാതിയിൽ പറയുന്നത്. വിഷയത്തിൽ ജില്ലാ പൊലീസ് മേധാവിയോടും കോളേജ് അധികൃതരോടും സമഗ്രമായ റിപ്പോർട്ട് അടിയന്തരമായി നൽകാൻ യുവജന കമ്മീഷൻ ആവശ്യപെട്ടു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കമ്മീഷൻ അംഗം ബീനാകുമാരിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കൊല്ലം റൂറൽ എസ്‍പിക്കാണ് നിർദേശം നൽകിയത്.

പരാതി കൊടുത്ത കുട്ടിയുടെ പിതാവിന്റെ വാക്കുകൾ

എന്റെ മൂത്തമകൾ നീറ്റ് പരീക്ഷ എഴുതി ഇപ്പോൾ എംബിബിഎസിന് പഠിക്കുകയാണ്. രണ്ടാമത്തെ കുട്ടിയുമായാണ് ഇന്നലെ നീറ്റ് പരീക്ഷയ്ക്ക് പോയത്. ഇതിന് മുൻപും നീറ്റ് പരീക്ഷകൾക്ക് പോയി പരിചയമുണ്ട്. എന്റെ ഭാര്യ ഹയര്‍ സെക്കണ്ടറി അധ്യാപികയാണ്. അവര്‍ക്ക് പരീക്ഷാ പ്രോട്ടോകോളിനെ പറ്റി വ്യക്തമായ ധാരണയുമുണ്ടായിരുന്നു. അതിനനുസരിച്ചുള്ള വസ്ത്രം ധരിച്ചും സാധനങ്ങൾ എടുത്തുമാണ് ഞങ്ങൾ മകളേയും കൊണ്ട് പരീക്ഷയ്ക്ക് പോയത്. 

എന്നാൽ അവിടെ വച്ച് അടിവസ്ത്രത്തിൽ എന്തോ പ്ലാസ്റ്റിക് സാധനം ഉണ്ടെന്ന് പറഞ്ഞാണ് മകളുടെ അടിവസ്ത്രം ഊരിച്ചത്. മകളുടെ മാത്രമല്ല അവിടെ എത്തിയ 90 ശതമാനം പെണ്‍കുട്ടികളുടേയും അടിവസ്ത്രം ഊരിവയ്പ്പിച്ചാണ് അവര്‍ പരീക്ഷ എഴുതിപ്പിച്ചത്. ഈ സംഭവം കാരണം മാനസികമായി തകര്‍ന്നുവെന്നും നല്ല രീതിയിൽ പരീക്ഷ എഴുതാൻ സാധിച്ചില്ലെന്നും ആണ് മകൾ പറഞ്ഞത്. ഇങ്ങനെയൊരു നിര്‍ദേശം കൊടുത്തത് ആരാണ് എന്നറിയില്ല. കോളേജ് അധികൃതര്‍ക്ക് ഇതിൽ പങ്കില്ലെന്നും ചടയമംഗലത്തെ ഒരു ഏജൻസിയാണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചതെന്നും എന്നുമാണ് പൊലീസ് എന്നെ അറിയിച്ചത്. 

ഞാൻ സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിൽ കേരളത്തിലോ അല്ലെങ്കിൽ രാജ്യത്ത് എവിടെയെങ്കിലുമോ ഇങ്ങനെയൊരു അപമാനം പെണ്‍കുട്ടികൾക്ക് നേരിടേണ്ടി വന്നിട്ടില്ല. ഏതു സാഹചര്യത്തിലാണ് ഇങ്ങനെ സംഭവിച്ചത് എന്നറിയില്ല. എന്റെ മകൾക്ക് ഉണ്ടായ ദുരനുഭവം കൊണ്ട് മാത്രമല്ല. നാളെ മറ്റൊരു പെണ്‍കുട്ടിക്കും ഇങ്ങനെയൊരു ദുരവസ്ഥ ഉണ്ടാവാൻ പാടില്ല എന്ന നിര്‍ബന്ധം കൊണ്ടാണ് ഞാനിപ്പോൾ പരാതിയുമായി മുന്നോട്ട് പോകുന്നത്. വളരെ കഷ്ടപ്പെട്ട് ആണ് എന്റെ മകൾ ഈ പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുത്തത്. എന്നാൽ അവളിപ്പോഴും ഈ സംഭവത്തിന്റെ ആഘാതത്തിൽ നിന്നും മുക്തയായിട്ടില്ല. അപമാനിക്കപ്പെടുകയും പരീക്ഷ വേണ്ട രീതിയിൽ എഴുതാൻ പറ്റാതെ പോയതിന്റെയും സങ്കടത്തിൽ ആകെ തകര്‍ന്നിരിക്കുകയാണ് അവൾ. 
 

Follow Us:
Download App:
  • android
  • ios