തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസിലേക്ക് വരുന്ന സമാന്തര വാഹനങ്ങള്‍ക്കെതിരെ നടപടി വേണ്ടെന്ന ഗതാഗത സെക്രട്ടറിയുടെ ഉത്തരവ് വിവാദമാകുന്നു. ജീവനക്കാര്‍ക്കായി ബോണ്ട് സര്‍വ്വീസുകള്‍ നടത്തുന്ന കെഎസ്ആര്‍ടിസിക്ക് ഇത് വലിയ തിരിച്ചടിയാവുകയാണ്.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സെക്രട്ടേറിയേറ്റിലേക്കും തലസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലേക്കും ജീവനക്കാരുമായി നിരവധി സ്വകാര്യ വാഹനങ്ങളാണ് സര്‍വ്വീസ് നടത്തുന്നത്. മോട്ടോര്‍ വാഹന നിയമം ലംഘിച്ച് സ്റ്റേജ് ക്യാര്യേജ് സര്‍വ്വീസുകളായാണ് ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത്. ജീവനക്കാര്‍ക്ക് പുറമേ മറ്റ് യാത്രക്കാരും ഈ സര്‍വ്വീസുകള്‍ ഉപയോഗിക്കുന്നുണ്ട്. വരുമാന വര്‍ദ്ധനക്കുള്ള പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയേറ്റുള്‍പ്പടെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളിലേക്ക് കെഎസ്ആര്‍ടിസി ബോണ്ട് എന്ന പേരില്‍ പ്രത്യേക സര്‍വ്വീസ് നടത്തുന്നുണ്ട്. എന്നാല്‍ സമാന്തര സര്‍വ്വീസുകള്‍ സജീവമായതോടെ വരുമാനം കുത്തനെ ഇടിഞ്ഞു. ഈ സാഹചര്യത്തില്‍ ആശങ്ക അറിയച്ച് കെഎസ്ആര്‍ടിസി എംഡി സര്‍ക്കാരിന് കത്ത് നല‍കി. ഇതിനുള്ള മറുപടിയായാണ് ഗതാഗത സെക്രട്ടറി പുതിയ ഉത്തരവിറക്കിയത്. ഇതനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രം വടകക്കെടുക്കുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക അനുമതി ഉണ്ടായിരിക്കും.

സര്‍ക്കാര്‍ ജീവനക്കാര്‍ വരുന്ന സ്വകാര്യ വാഹനങ്ങള്‍ നടപടി ഒഴിവാക്കാന്‍ രജിസ്ട്രേഷന്‍ നമ്പര്‍, കരാര്‍ പകർപ്പ് എന്നിവ സഹിതം ഗതാഗത വകുപ്പിന് അപേക്ഷ നല്‍കണം. ഇത് പരിശേോധിച്ച് അനുമതി ലഭിക്കുന്ന വാഹനങ്ങളെ പിഴ ഉള്‍പ്പടെയുള്ള നടപടികളില്‍ നിന്ന് ഒഴിവാക്കുമെന്നാണ് ഗതാഗത സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നത്. വരുമാന നഷ്ടം മൂലം പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക്, സര്‍ക്കാര്‍ ഉത്തരവ് കൂടുതല്‍ തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമാവുകയാണ്.