തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ കെഎസ്‍യു പ്രവർത്തകൻ നിതിൻ രാജിനെതിരെ കൊലവിളി നടത്തിയ മുൻ എസ്എഫ്ഐ നേതാവ് 'ഏട്ടപ്പൻ' മഹേഷിനെ പിടികൂടാതെ പൊലീസ്. അക്രമം നടത്തി മൂന്നാം ദിവസവും മഹേഷ് ഒളിവിലാണ്. അതേസമയം, പിജി കോഴ്സിന് പഠിച്ചിരുന്ന മഹേഷ് പഠനം പൂർത്തിയാക്കിയിട്ടും താമസം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽത്തന്നെയായിരുന്നുവെന്ന് വ്യക്തമായി.

കോളേജിലെ വിദ്യാർത്ഥിയല്ലാതിരുന്നിട്ട് കൂടി ഹോസ്റ്റലിൽ താമസിച്ച് വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയത് ഗുരുതരമായ ചട്ടലംഘനമായാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ കാണുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഹോസ്റ്റലിൽ താമസിക്കുന്നവരുടെയെല്ലാം വിവരം നൽകാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഹോസ്റ്റൽ വാർഡന് നിർദേശം നൽകിയിട്ടുണ്ട്.

ഇതിനിടെ, യൂണിവേഴ്സിറ്റി കോളേജ് വീണ്ടും കലാപഭൂമിയാക്കുന്നത് തടയാൻ പ്രിൻസിപ്പാൾ സർവകക്ഷിയോഗം വിളിച്ചു. എല്ലാ വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം, കെഎസ്‍യു പ്രവർത്തകരെ സസ്പെൻഡ് ചെയ്തിട്ടില്ലെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. സംഘർഷമൊഴിവാക്കാൻ മൂന്ന് വിദ്യാർത്ഥികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് വാക്കാൽ പറയുക മാത്രമാണ് ചെയ്തത്. എന്നാൽ പിന്നീട് ചേർന്ന കൗൺസിൽ യോഗം തൽക്കാലം ആർക്കുമെതിരെ നടപടി വേണ്ടെന്ന് തീരുമാനിച്ചെന്നും യൂണിവേഴ്‍സിറ്റി കോളേജ് പ്രിൻസിപ്പാൾ ഡോ. മണി വ്യക്തമാക്കി. 

'ഹോസ്റ്റൽ ലഹരിമാഫിയയുടെ പിടിയിൽ'

ഇതിനിടെ, യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിൽ നടപടിയെടുക്കാതിരിക്കാൻ പൊലീസിന് മേൽ കനത്ത സമ്മർദ്ദമുണ്ടെന്ന് കെഎസ്‍യു സംസ്ഥാനപ്രസിഡന്‍റ് കെ എം അഭിജിത്ത് ആരോപിച്ചു. സംഘർഷത്തിൽ പൊലീസ് നിഷ്ക്രിയമാണ്. ആത്മാർത്ഥതയുണ്ടെങ്കിൽ പൊലീസ് കേസന്വേഷിച്ച് സത്യസന്ധമായി നടപടിയെടുക്കണം. അക്രമികളെ പിടികൂടുമെന്ന ഉറപ്പ് ഇന്നലെ പൊലീസ് നൽകിയതുകൊണ്ടാണ് റോഡ് ഉപരോധവും സമരവും അവസാനിപ്പിച്ചത്. ഇല്ലെങ്കിൽ ഇനി വീണ്ടും സമരം തുടങ്ങാൻ മടിയില്ല.

വെള്ളിയാഴ്ച യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘർഷത്തിൽ ആദ്യം കല്ലേറുണ്ടായത് യൂണിവേഴ്സിറ്റി കോളേജിനകത്ത് നിന്നാണ്. കെഎസ്‍യു ആണ് ആദ്യം ആക്രമിച്ചതെന്ന ആരോപണം തരംതാണതാണ്. 

യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റൽ ലഹരിമാഫിയയുടെ പിടിയിലാണെന്ന ഗുരുതരമായ ആരോപണവും കെ എം അഭിജിത്ത് ഉന്നയിക്കുന്നു. അവിടെ റെയ്ഡ് നടത്തണം. കെഎസ്‍യു പ്രവർത്തകർക്ക് എതിരായ കേസുകൾ നിയമപരമായിത്തന്നെ നേരിടുമെന്നും അഭിജിത്ത് പറഞ്ഞു. 

സംഘർഷത്തിന് കാരണമെന്ത്?

യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ ബുധനാഴ്ച രാത്രിയാണ് 'ഏട്ടപ്പൻ' എന്ന് വിളിക്കുന്ന മഹേഷ് കെഎസ്‍യു പ്രവർത്തകരെ മുറിയിലെത്തി ഭീഷണിപ്പെടുത്തിയതും മർദ്ദിച്ചതും. ''നിന്നെ ഞാനടിച്ച് വായ കീറും'' എന്നാണ് മഹേഷ് പറയുന്നത്. കെഎസ്‍യു പ്രവർത്തകനായ നിതിൻ രാജിനെ മർദ്ദിക്കുന്നതിന് മുമ്പ് എസ്എഫ്ഐ നേതാവായ മഹേഷ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിരോധത്തിലായ എസ്എഫ്ഐ മഹേഷിനെ തള്ളിപ്പറഞ്ഞു. മഹേഷിനെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കൊളേജിയറ്റ് ഡയറക്ടർക്ക് കത്ത് നൽകി. കൊളേജിൽ നിന്നും 10 കിലോമീറ്റർ പരിധിക്ക് ഉള്ളിൽ താമസിക്കുന്ന മഹേഷിന്റെ ഹോസ്റ്റൽ അഡ്മിഷൻ റദ്ദാക്കണമെന്ന് എസ്എഫ്ഐ കത്തിൽ ആവശ്യപ്പെടുന്നു.

അതേസമയം, ഹോസ്റ്റലിൽ കൊലവിളി നടത്തുന്നതിനൊപ്പം കെഎസ്‍യു പ്രവർത്തകരായ നിതിൻ രാജിന്‍റെയും സുദേവിന്‍റെയും സർട്ടിഫിക്കറ്റുകളും പുസ്തകങ്ങളും വസ്ത്രങ്ങളും മഹേഷ് കത്തിച്ചെന്ന് ആരോപണമുയർന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ നൽകിയ പരാതി പൊലീസിന് കൈമാറുമെന്ന് ഹോസ്റ്റൽ വാർഡൻ വ്യക്തമാക്കി.

എന്നാൽ മഹേഷ് എസ്എഫ്ഐ പ്രവർത്തകനല്ലെന്നാണ് ജില്ലാ കമ്മറ്റി ഇപ്പോൾ വിശദീകരിക്കുന്നത്. 2010 -11 കാലഘട്ടത്തിൽ യൂണിവേഴ്‍സിറ്റി കോളേജ് ചെയർമാനായിരുന്നു മഹേഷ്. ഇപ്പോൾ ഗവേഷണ വിദ്യാർത്ഥിയാണ്. അക്രമപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത് മഹേഷാണെന്ന് കെഎസ്‍യു ആരോപിക്കുന്നു. കെഎസ്‍യു പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്നലെ പഠിപ്പുമുടക്കിയ വിദ്യാർത്ഥികൾക്ക് നേരെയും അക്രമമുണ്ടായി .ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.