കോട്ടയം: വിവാദമായ മാര്‍ക്ക് ദാനത്തില്‍ തുടര്‍നടപടികള്‍ നിര്‍ത്തിവച്ച് എംജി സര്‍വകലാശാല. ചട്ടപ്രകാരമല്ലാതെ മാര്‍ക്ക് ദാനം റദ്ദാക്കിയത് തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കില്ലെന്ന് വൈസ് ചാൻസിലര്‍ ഡോ. സാബു തോമസ് വ്യക്തമാക്കി. ഫലത്തില്‍ 116 വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിരുദ്ധമായി നല്‍കിയ മോഡറേഷൻ നിലനില്‍ക്കും.

2019 ഏപ്രില്‍ 30 ന് കൂടിയ സിൻഡിക്കേറ്റാണ് ബിടെക് കോഴ്സിന് അഞ്ച് മാര്‍ക്ക് പ്രത്യേക മോഡറേഷൻ നല്‍കാൻ തീരുമാനിച്ചത്. ഉന്നതവിദ്യാഭ്യാസ വകുപ്പും മന്ത്രിയും പ്രതിക്കൂട്ടിലായ വിഷയം വലിയ വിവാദമായതോടെ മേയ് 17 സര്‍വകലാശാല മാര്‍ക്ക് ദാനം പിൻവലിച്ചു. അക്കാഡമിക് കൗണ്‍സില്‍ വിളിക്കാത ചാൻസിലറായ ഗവര്‍ണ്ണറുടെ അംഗീകാരം വാങ്ങാതെ സര്‍വകലാശാല ചട്ടം 35 പാലിക്കാതെയായിരുന്നു മാര്‍ര്‍ക്ക് ദാനം റദ്ദാക്കല്‍. 

കോടതിയിലെത്തിയാല്‍ കേസ് മനപൂര്‍വ്വം തോറ്റുകൊടുക്കാനാണ് സര്‍വകലാശാലയുടെ ഈ നടപടിയെന്ന് ആക്ഷേപമുണ്ടായിരുന്നു. കള്ളക്കളി ഏഷ്യാനെറ്റ് ന്യൂസ് രേഖകള്‍ സഹിതം അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. റദ്ദാക്കിയ മാര്‍ക്ക് പുനസ്ഥാപിക്കാൻ 17 വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു പ്രതീക്ഷിച്ചത് പോലെ മാര്‍ക്ക് ദാനം റദ്ദാക്കിയത് ചട്ടം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഡിസംബര്‍ 22 ന് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവിറക്കി. ഉത്തരവിന് പിന്നാലെ മോഡറേഷൻ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാല തിടുക്കത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിത്തുടങ്ങി. 

ഇക്കാര്യത്തില്‍ ഇനി ഒരു നിയമപ്പോരാട്ടത്തിനില്ലെന്നാണ് വൈസ്ചാൻസിലറുടെ വിചിത്ര വാദം. അങ്ങനെ വിവാദമോഡറേഷൻ കിട്ടിയ 116 വിദ്യാര്‍ത്ഥികളും ബിടെക് ബിരുദദാരികളായി. ഗവര്‍ണ്ണറേയും സര്‍വകലാശാല ചട്ടങ്ങളേയും അട്ടിമറിച്ച് നല്‍കിയ മാര്‍ക്ക് ദാനം ചുരുക്കത്തില്‍ സര്‍വകലാശാല വിചാരിച്ചത് പോലെ തന്നെ നടന്നു എന്നര്‍ത്ഥം.