പരിസ്ഥിതി ലോല പ്രദേശങ്ങളിൽ മനുഷ്യ ഇടപെടലുകൾ കുറക്കണം, ചെരിഞ്ഞ സ്ഥലങ്ങളിൽ സസ്യജാലങ്ങൾ വെച്ച് പിടിപ്പിക്കണം തുടങ്ങിയ നിർദ്ദേശങ്ങളൊന്നും ഇതുവരെ നടപ്പായില്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയവും (flood) ഉരുൾപൊട്ടലും (landslide) തടയാനുള്ള വിദഗ്ധസമിതിയുടെ ശുപാർശകൾ ഇപ്പോഴും ഫയലിൽ ഉറങ്ങുന്നു. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ മനുഷ്യ ഇടപെടലുകൾ കുറക്കണം, ചെരിഞ്ഞ സ്ഥലങ്ങളിൽ സസ്യജാലങ്ങൾ വെച്ച് പിടിപ്പിക്കണം തുടങ്ങിയ നിർദ്ദേശങ്ങളൊന്നും ഇതുവരെ നടപ്പായില്ല. മഹാപ്രളയത്തിന് ശേഷം 2019 ലായിരുന്നു സമിതി റിപ്പോർട്ട് നൽകിയത്.

തുടര്‍ച്ചായി ഉണ്ടാകുന്ന അതിതീവ്ര മഴ, പ്രളയം, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം എന്നിവ തടയാൻ വേണ്ടി പഠിക്കാനാണ് സമിതി രൂപീകരിച്ചത്. കേരളത്തില്‍ നടക്കുന്ന കാലാവസ്ഥാ വ്യത്യാനം എങ്ങനെ നേരിടാം എന്ന ചര്‍ച്ചയില്‍ നിന്നാണ് 2018 ലെ ആദ്യ പ്രളയത്തിന് ശേഷം സര്‍ക്കാര്‍ ഒരു വിദഗ്ധ സമിതിക്ക് രൂപം നല്‍കുന്നത്. കേരള ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് കെപി സുധീറിന്‍റെ നേതൃത്വത്തിലായിരുന്നു പത്തംഗ സമിതി. അതിശക്തമായ മഴയ്ക്കുള്ള കാരണം പരിശോധിക്കുക, ഇത്തരം സമയങ്ങളിൽ ഉണ്ടാകാനിടയുള്ള ആപത്തുകളെക്കുറിച്ച് മുൻകൂട്ടിയറിഞ്ഞ് ആവശ്യമായ മുൻകരുതൽ സ്വീകരിക്കുക, ദുരന്തങ്ങള്‍ നേരിടാനുള്ള നടപടികള്‍ നിര്‍ദേശിക്കുക എന്നിവ ലക്ഷ്യം വച്ചാണ് സമിതിയുടെ രൂപികരണം. സമിതി രൂപീകരിച്ച് കൃത്യം ആറ് മാസത്തിനകം വിപുലമായ റിപ്പോര്‍ട്ട് സംസ്ഥാന ആസൂത്രണ ബോര്‍ഡ് വഴി സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ടു.

പക്ഷേ, നാളിത് വരെ ഇതിന്മേല്‍ ഒരു നടപടിയും ഉണ്ടായില്ല. പരിസ്ഥിതി ലോല മേഖലയിലെ മനുഷ്യ ഇടപെലുകള്‍ കുറയ്ക്കണം, വികസനം പ്രകൃതിയെ സംരക്ഷിച്ച് കൊണ്ടാകണം, ചരിഞ്ഞ പ്രദേശങ്ങളില്‍ പ്രകൃതിദത്ത സസ്യങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കണം, മണ്ണിടിച്ചിലിനും മണ്ണിടിച്ചിലിനും ഇടയാക്കുന്ന ടാപ്‌റൂട്ട് സംവിധാനം നിര്‍ത്തുക ഇവയൊക്കെയായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍. കൃഷിക്കായി അശാസ്ത്രീയമായ രീതിയില്‍ കുഴി ഉണ്ടാക്കുന്നത്കൂടിതല്‍ വെള്ളം നിന്ന് മണ്ണിന്‍റെ ഉറപ്പിനെ ബാധിക്കുമെന്ന് സമിതിയുടെ പഠനത്തില്‍ കണ്ടെത്തി. ലോല മേഖലകളില്‍ വീട് വയ്ക്കാൻ കുഴിക്കുന്നതും മണ്ണിടിച്ച് നിരപ്പാക്കുന്നതും ഒഴിവാക്കണം.ഉയര്‍ന്ന ഭാഗങ്ങളില്‍ അരുവികളുടെ ഒഴുക്ക് തടസപ്പെടുത്തരുത്. കവളപ്പാറയിലെ ദുരന്തമുണ്ടായത് ഉദാഹരണമായി ചൂണ്ടിക്കാട്ടി സമിതി റിപ്പോര്‍ട്ട് നല്‍കി. പക്ഷെ കുന്നുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒരു തടസ്സവുമില്ല. വീടുകൾ മാത്രമല്ല ക്വാറികൾക്ക് വരെ യഥേഷ്ടം സർക്കാർ അനുമതി നൽകുകയാണ്.

പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാൻ നിർദ്ദേശങ്ങളില്ലാത്തതല്ല സംസ്ഥാനത്തെ പ്രശ്നം. നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാൻ ഇച്ഛാശക്തി കാണിക്കാത്തതാണ്. രണ്ട് പ്രളയങ്ങളുണ്ടായിട്ടും നമ്മളൊന്നും പഠിക്കാത്തതാണ് ദുരന്തങ്ങൾ ആവർത്തിക്കാനുള്ള പ്രധാന കാരണം.