പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കാൻ ചിലര്‍ കാലങ്ങളായി ശ്രമിച്ചിരുന്നെന്നും രാജേന്ദ്രന്‍ കുറ്റപ്പെടുത്തി. 

ഇടുക്കി: സിപിഎം (CPM) ഇടുക്കി ജില്ലാ നേതൃത്വത്തിനെതിരെ ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ (S Rajendran). തന്നെ പാര്‍ട്ടിയിൽ നിന്ന് കരുതിക്കൂട്ടി പുറത്താക്കിയതാണ്. ആടിനെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്നതാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍റെ കണ്ടുപിടുത്തങ്ങളെന്നും രാജേന്ദ്രൻ തുറന്നടിച്ചു. 

ജാതീയമായ വേര്‍തിരിവ് ഉണ്ടാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല. പാര്‍ട്ടി തന്നെയാണ് ജാതി നോക്കി സ്ഥാനാര്‍ത്ഥിയെ വെച്ചത്. പെട്ടിമുടി ദുരന്തസമയത്ത് മുഴുവൻ സമയവും താൻ അവിടെയുണ്ടായിരുന്നു. മുഖ്യമന്ത്രി വന്നപ്പോള്‍ എത്താതിരുന്നത് മനപ്പൂർവമല്ല. അന്ന് മുഖ്യമന്ത്രിയെ കണ്ടിരുന്നെന്നും രാജേന്ദ്രന്‍ പറഞ്ഞു. സിപിഐയിലേക്കോ ബിജെപിയിലേക്കോ താനില്ല. രാഷ്ട്രീയ പ്രവർത്തനം തന്നെ നിർത്തുകയാണ്. ഇപ്പോൾ ഏഴ്, എട്ട് മാസമായി ഒന്നും ചെയ്യുന്നില്ല. പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കാൻ ചിലര്‍ കാലങ്ങളായി ശ്രമിച്ചിരുന്നെന്നും രാജേന്ദ്രന്‍ പറഞ്ഞു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍‍ത്തനങ്ങളുടെ പേരിൽ എസ് രാജേന്ദ്രനെ ഒരു വര്‍ഷത്തേക്ക് സസ്പെൻഡ് ചെയ്തുള്ള സിപിഎമ്മിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വന്നത് ഇന്നലെയാണ്. ഇത്തവണ ദേവികുളത്ത് സീറ്റ് കിട്ടാതിരുന്ന രാജേന്ദ്രൻ പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ത്ഥി എ രാജയെ തോൽപ്പിക്കാൻ ശ്രമിച്ചു. ഇതിനായി ജാതീയമായ വിഭാഗീയതയുണ്ടാക്കി. വ്യാജപ്രചാരണങ്ങൾ നടത്തി. പെട്ടിമുടിയിൽ മുഖ്യമന്ത്രിയെത്തിയപ്പോൾ വിട്ടുനിന്നു. അച്ചടക്ക നടപടിക്ക് കാരണങ്ങളായി സിപിഎം ചൂണ്ടിക്കാട്ടുന്നത് ഇതെല്ലാമാണ്. എന്നാൽ ആരോപണങ്ങളെല്ലാം രാജേന്ദ്രൻ തള്ളി.