Asianet News MalayalamAsianet News Malayalam

കൈ ഒടിഞ്ഞെന്ന് പറഞ്ഞിട്ടില്ല; പരിക്കിനെ പറ്റി തര്‍ക്കിക്കാൻ ഇല്ലെന്ന് എൽദോ എബ്രഹാം

പൊലീസ് ലാത്തിച്ചാര്‍ജ്ജിനിടെ  കൈ ഒടിഞ്ഞിട്ടില്ലെന്ന മെഡിക്കൽ റിപ്പോര്‍ട്ട് പുറത്തായതോടെയാണ് എംഎൽഎയുടെ വിശദീകരണം. വാക്കുകൾ വളച്ചൊടിക്കപ്പെട്ടെന്നാണ് എൽദോ എബ്രഹാം പറയുന്നത്. 

no bone injury says eldo abhraham mla
Author
Kochi, First Published Jul 27, 2019, 11:16 AM IST

കൊച്ചി: പൊലീസ് ലാത്തിച്ചാര്‍ജ്ജിനിടെ കൈ തല്ലി ഒടിച്ചെന്ന ആരോപണത്തിൽ പുതിയ വിശദീകരണവുമായി എൽദോ എബ്രഹാം എംഎൽഎ. പരിക്കിന്‍റെ അളവ് അന്വേഷിക്കുന്നത് നല്ല രീതിയല്ലെന്നാണ് എൽദോ എബ്രഹാം പറയുന്നത്. മെഡിക്കൽ റിപ്പോര്‍ട്ടിൽ കൈക്ക് പൊട്ടലില്ലെന്നാണല്ലോ പറയുന്നത് എംഎൽഎ പറഞ്ഞത് മറിച്ചായിരുന്നല്ലോ എന്ന ചോദ്യത്തിന് പ്രകോപനമില്ലാതെയാണ് പൊലീസ് മര്‍ദ്ദിച്ചതെന്നായിരുന്നു എൽദോ എബ്രഹാമിന്‍റെ മറുപടി.

ജലപീരങ്കി പ്രയോഗിച്ചപ്പോൾ തന്നെ തെറിച്ച് വീണു. പരിക്കേറ്റ് എറണാകുളം ജില്ലാ ആശുപത്രിയിലെത്തി. ഡോക്ടര്‍മാരുടെ പരിശോധനയിൽ കൈ മുട്ടിൽ നേരിയ പൊട്ടൽ കണ്ടെത്തിയിരുന്നു. അത് ഗുരുതരമായ ഒരു പൊട്ടലാണെന്ന് എവിടെയും പറഞ്ഞില്ലിട്ടില്ലെന്നും എൽദോ എബ്രഹാം പറഞ്ഞു. പരിക്കിനെ കുറിച്ച് കൂടുതൽ തര്‍ക്കത്തിനില്ലെന്നും എൽദോ എബ്രഹാം വിശദീകരിച്ചു.

മര്‍ദ്ദനമേറ്റതിന് ശേഷം മര്‍ദ്ദിച്ചതിന്‍റെ ആഴവും അളവും എടുക്കുന്നത് ശരിയായ നടപടിയല്ല. പൊലീസ് ശ്രമിക്കുന്നത് സ്വയം രക്ഷപ്പെടാനാണ് . അവരുടെ നിലനിൽപ്പിന്‍റെ കൂടി പ്രശ്നമാണെന്നും എൽദോ എബ്രഹാം പറയുന്നു. പൊലീസ് അതിക്രമക്കേസിൽ വിശദമായ റിപ്പോര്‍ട്ട് എറണാകുളം ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാൽ ഉടൻ തന്നെ ഉചിതമായ നടപടി സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും എംഎൽഎ പറഞ്ഞു. 

പരിക്ക് സാരമുള്ളതാണോ ഇല്ലാത്തതാണോ എന്ന ചര്‍ച്ച തന്നെ തെറ്റാണ്. ലാത്തിയടിയേറ്റ് ശരീരത്തിൽ ഉണ്ടായ പരിക്കുപോലും വരും ദിവസങ്ങളിൽ നിഷേധിക്കപ്പെട്ടേക്കാമെന്നും  എൽദോ എബ്രഹാം പറഞ്ഞു. പാര്‍ട്ടി എന്നും ഒപ്പം നിന്നിട്ടുണ്ട്. ഇനിയും കൂടെ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. തെറ്റുചെയ്താൽ ശിക്ഷിക്കണം എന്ന് തന്നെയാണ് നിലപാട് എന്നും കാനം രാജേന്ദ്രന്‍റെത് അടക്കമുള്ള പ്രസ്താവനകൾ വളച്ചൊടിക്കപ്പെട്ടതാണെന്നും എൽദോ എബ്രഹാം എംഎൽഎ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios