Asianet News MalayalamAsianet News Malayalam

Covid : 'വിദ്യാർത്ഥികൾക്കും കൊവിഡ്, എന്നാലും പരീക്ഷ നടത്തും', കടുംപിടുത്തവുമായി ആരോഗ്യ സർവകലാശാല

നേരത്തെ നിശ്ചയിച്ചത് പ്രകാരം, മാനദണ്ഡങ്ങൾ പാലിച്ച് അടുത്തമാസം 2 ന് തന്നെ ഒന്നാം വർഷ എംബിബിഎസ് പരീക്ഷ നടത്തുമെന്ന സർവ്വകലാശാല തീരുമാനമാണ് വിദ്യാർത്ഥികളെ വെട്ടിലാക്കിയിരിക്കുന്നത്.

no change in Kerala University of Health Sciences first year mbbs exam date
Author
Thiruvananthapuram, First Published Jan 23, 2022, 4:39 PM IST

തിരുവനന്തപുരം: കൊവിഡ് (Covid 19) നിയന്ത്രണങ്ങളുടെ ഭാഗമായി മറ്റെല്ലാ സര്‍വ്വകലാശാലകളും പരീക്ഷകൾ മാറ്റിവയ്ക്കുമ്പോൾ വിദ്യാർത്ഥികളെ വലച്ച് കേരള ആരോഗ്യ സർവ്വകലാശാല (Kerala University of Health Sciences). നേരത്തെ നിശ്ചയിച്ചത് പ്രകാരം, മാനദണ്ഡങ്ങൾ പാലിച്ച് അടുത്തമാസം 2 ന് തന്നെ ഒന്നാം വർഷ എംബിബിഎസ് പരീക്ഷ നടത്തുമെന്ന സർവ്വകലാശാല തീരുമാനമാണ് വിദ്യാർത്ഥികളെ വെട്ടിലാക്കിയിരിക്കുന്നത്. വിദ്യാർത്ഥികൾക്കുൾപ്പെടെ കൊവിഡ് പടരുന്ന സാഹചര്യത്തിൽ പരീക്ഷ നീട്ടിവയ്ക്കണമെന്ന് വിദ്യാ‍ർത്ഥികൾ ആവശ്യപ്പെടുന്നു.

മൂന്നാംതരംഗത്തിന്‍റെ തീവ്രതയിൽ സ്കൂൾ മുതൽ സർവ്വകലാശാല തലം വരെ പരീക്ഷാകലണ്ടർ പുന: ക്രമീകരിക്കുമ്പോഴാണ് ആരോഗ്യസർവ്വകലാശാലയുടെ കടുംപിടുത്തം. മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഡോക്ടർമാരുൾപ്പെടെയുളള ആരോഗ്യപ്രവർത്തകരിൽ തീവ്രമാണ് രോഗവ്യാപനം. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒന്നാംവർഷ എംബിബിഎസ്സുകാർ മിക്കവരും പേ വാർഡിൽ ചികിത്സയിലാണ്. ഈ സാഹചര്യത്തിൽ എങ്ങിനെ പരീക്ഷ എഴുതുമെന്നാണ് വിദ്യാ‍ർത്ഥികളുടെ ചോദ്യം.

തോറ്റാൽ ഒരു വർഷത്തോടൊപ്പം സ്വാശ്രയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് ഫീസിനത്തിൽ ചെലവിട്ട ലക്ഷങ്ങളാണ് നഷ്ടമാവുക. ഈ സാഹചര്യത്തിൽ പരീക്ഷ നീട്ടിവയ്ക്കാൻ തയ്യാറാവണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. പ്രശ്നത്തിന്റെ ഗൗരവമുന്നയിച്ച് വിദ്യാ‍ർത്ഥികൾ സർവ്വകലാശാല വിസിക്ക് കത്തയച്ചിട്ടുണ്ട്. 

മാനദണ്ഡങ്ങൾ പാലിച്ച് നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ പരീക്ഷകൾ നടത്തുമെന്ന് സർവ്വകലാശാല ആവർത്തിക്കുന്നു. രോഗബാധിതർക്ക് പിപിഇ കിറ്റ് ധരിച്ച്  പ്രത്യേക മുറിയിലിരുന്ന് പരീക്ഷയെഴുതാം. അഖിലേന്ത്യാ അടിസ്ഥാനത്തിൽ  നടത്തുന്ന പരീക്ഷയായതിനാൽ കേരളത്തിൽ മാത്രം തിയ്യതി പുനക്രമീകരിക്കാൻ കഴിയില്ലെന്നും, നിലവിലെ സാഹചര്യങ്ങൾ അടുത്താഴ്ച ബോർഡ് ഓഫ് സ്റ്റഡീഡ് യോഗം ചേർന്ന് സർക്കാരിനെ ബോധിപ്പിക്കുമെന്നും വൈസ് ചാൻസലർ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios